X

ബിജെപി വിജയിച്ചതിന്റെ സന്തോഷം; വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രവർത്തകൻ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചതിന്റെ സന്തോഷത്തില്‍ സ്വന്തം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലെ ബിജെപി പ്രവര്‍ത്തകനായ 30കാരന്‍ ദുര്‍ഗേഷ് പാണ്ഡെയാണ് പ്രദേശത്തെ കാളി ക്ഷേത്രത്തില്‍ വിരല്‍ സമര്‍പ്പിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണി മുന്നിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ അസ്വസ്ഥനായ ഇയാള്‍ ബിജെപിയുടെ വിജയത്തിനായി കാളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. പിന്നീട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുന്നതും എന്‍ഡിഎയുടെ ഭൂരിപക്ഷം 272 കടന്നതും കണ്ടപ്പോള്‍ പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് ദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു.

ചോര നില്‍ക്കാതായതോടെ തുണിയെടുത്ത് കൈയില്‍ ചുറ്റി. എന്നാല്‍ ഇതുകൊണ്ട് കാര്യമുണ്ടായില്ല. പിന്നീട് നില വഷളായതോടെ വീട്ടുകാര്‍ ഇയാളെ സമാരിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് അംബികാപൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ രക്തസ്രാവം തടയാന്‍ ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാല്‍ മുറിച്ചുകളഞ്ഞ വിരല്‍ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. എന്നാല്‍ ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

‘ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത് കണ്ട് ഞാന്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ വലിയ ആവേശത്തിലായിരുന്നു. ഇതോടെ ഞാന്‍ ഗ്രാമത്തിലെ കാളി ക്ഷേത്രത്തില്‍ പോയി ഒരു നേര്‍ച്ച നടത്തി. അന്ന് വൈകുന്നേരം ബിജെപി വിജയിച്ചപ്പോള്‍, ക്ഷേത്രത്തില്‍ വീണ്ടും പോയി എന്റെ വിരല്‍ മുറിച്ച് ദേവിക്ക് സമര്‍പ്പിച്ചു. എന്‍ഡിഎ 400 കടന്നിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ’- പാണ്ഡെ പറഞ്ഞു.

ഇഞ്ചോടിച്ച് പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ 543 ലോക്സഭാ സീറ്റുകളില്‍ 293 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി 234 സീറ്റുകള്‍ നേടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഞെട്ടിക്കുകയും ചെയ്തു.

webdesk13: