കൊച്ചി: നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതമാണ് നടന്‍ ജോയ് മാത്യുവിന്റേത്. അനീതികള്‍ തുറന്നു പറയാന്‍ അദ്ദേഹം മടികാണിക്കാറുമില്ല. വിവാഹദിവസം അരങ്ങേറിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് താരം ഇപ്പോള്‍. ഫാദറിനെ ഭീഷണിപ്പെടുത്തി കല്യാണം നടത്തിയ സംഭവം വീണ്ടും ആരാധകര്‍ക്കായി അദ്ദേഹം പങ്കുവെച്ചു.
‘വധു സരിത നിലമ്പൂരുകാരിയാണ്. കല്യാണമാകട്ടെ കോഴിക്കോട്ട് വെച്ചും. വധു മറ്റൊരു സഭയിലായതിനാല്‍ അവരുടെ പള്ളിയില്‍ നിന്ന് ദേശക്കുറി വാങ്ങണം. പൊതുവെ പള്ളിയിലൊന്നും പോകാത്തതിനാല്‍ ഫാദറിന് എന്നെ കുറിച്ച് നല്ല മതിപ്പായിരുന്നു. ദേശക്കുറി കണ്ടതും അച്ഛന്‍ പൊട്ടിത്തെറിച്ചു. ഈ കുറി വെച്ച് കല്യാണം നടത്താന്‍ കഴിയില്ല. നിലമ്പൂര്‍ സഭയില്‍ നിന്ന് വീണ്ടും ദേശക്കുറി കൊണ്ടുവരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ കോഴിക്കോട്ടു നിന്ന് നിലമ്പൂരിലേക്ക് പോയി വരണമെങ്കില്‍ ഏഴു മണിക്കൂറെങ്കിലും വേണം. അച്ഛന്‍ ബിസിനസുകാരനും അമ്മ ടീച്ചറുമായതിനാല്‍ ആയിരത്തിലധികം ആളുകളെ കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഫാദര്‍ നിലപാട് മാറ്റാതെ നില്‍ക്കുകയാണ്. എല്ലാവരും അമ്പരപ്പോടെ നില്‍ക്കുമ്പോള്‍ എന്റെ അച്ഛന്‍ ഇടപ്പെട്ടു. എന്നേക്കാള്‍ ദേഷ്യക്കാരനായ അച്ഛന്‍ പള്ളീലച്ചന്റെ ളോഹയില്‍ പിടിച്ചു. മാത്യുവിനോട് കളിച്ചാല്‍ ഈ കുപ്പായം ഞാന്‍ കീറും. അച്ഛന്‍ ദേഷ്യത്തോടെ പള്ളീലച്ചനു നേരെ തിരിഞ്ഞു. കണ്ടു നിന്നവര്‍ അച്ഛനെയും പള്ളീലച്ചനെയും പിടിച്ചുമാറ്റി. ഒടുവില്‍ നൂറു രൂപ സ്റ്റാമ്പ് പേപ്പറില്‍ പ്രശ്‌നം പരിഹാരമാക്കാന്‍ ധാരണയാക്കി. ഒന്നര മണിക്കൂറിനു ശേഷമാണ് വിവാഹ ചടങ്ങുകള്‍ പുനരാരംഭിച്ചത്. ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവത്തതാണ്’-ജോയ് മാത്യു പറഞ്ഞു.