മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് പ്രതിപക്ഷം നടത്തുന്നത്. എന്നാല്‍ അതേസമയം മന്ത്രിയെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. സൈബര്‍ ഇടങ്ങളിലും ജലീലിനെ വിമര്‍ശിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.
‘വിദ്യാര്‍ഥികള്‍ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകന്‍ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം’ എന്ന് പരിഹസിച്ച് ജോയ് മാത്യൂ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.
മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിന് അപഖ്യാതി ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആരേയും വിളിച്ചുവരുത്താം. ചോദ്യംചെയ്തു എന്നുപറഞ്ഞാല്‍ കുറ്റം ആരോപിക്കപ്പെട്ടുവെന്നല്ല അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതായി ഇഡി മേധാവി തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ എന്തെല്ലാമാണ് മന്ത്രിയില്‍ നിന്ന് ഇഡി ചോദിച്ച് അറിഞ്ഞതെന്ന് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് ഇഡി നടത്തിയതെന്നാണു വിവരം.