തിരുവനന്തപുരം: മാനഭംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ആള്‍ദൈവങ്ങള്‍ ചെകുത്താന്മാരുടെ അവതാരങ്ങളാണെന്നും ആള്‍ദൈവം എന്നതിന് പകരം ചെകുത്താന്‍ എന്ന് പറയുന്നതാണ് നല്ലതെന്നും ജോയ് മാത്യു പറഞ്ഞു. ആള്‍ദൈവങ്ങളെ ആരാധിക്കുന്നവരെ ആരാധകര്‍ എന്നതിനുപകരം അടിമകള്‍ അല്ലെങ്കില്‍ ചെകുത്താന്‍ സേവക്കാര്‍ എന്നോ പറഞ്ഞാല്‍ പാവം ദൈവവിശ്വാസികളെങ്കിലും ഹാപ്പിയാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ആള്‍ദൈവങ്ങളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരേയും ജോയ് മാത്യു വിമര്‍ശിച്ചു. ആള്‍ദൈവങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വിപ്ലവകാരികള്‍ തെരഞ്ഞെടുപ്പാകുമ്പോള്‍ പത്തി മടക്കും. ഇത്തരം ചെകുത്താന്മാര്‍ക്ക് വളരാന്‍ പറ്റിയ രാജ്യമാണ് ഇന്ത്യ. ഇത് അക്ഷരാര്‍ത്ഥത്തില്‍ ഭീകരാവസ്ഥയാണെന്നും ജോയ് മാത്യു പറഞ്ഞു. ചെകുത്താന്മാരെ പൂര്‍ണമായും തുടച്ചുനീക്കാന്‍ പ്രാപ്തമായ നിയമനിര്‍മാണം നടത്താന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കും വിധം സുപ്രീംകോടതിയെ ഇടപെടുവിക്കുകയാണ് വേണ്ടത്. മുത്തലാഖിനെതിരെ അഞ്ചു സ്ത്രീകള്‍ നടത്തിയ നിയമ യുദ്ധം ഇതിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബലാല്‍സംഗിക്ക് കോടതി ശിക്ഷവിധിക്കും മുന്‍പേ മുപ്പത്തിയാറുപേരുടെ ജീവന്‍ ബലി നല്‍കേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണ്. ഇങ്ങനെയുള്ള ചെകുത്താന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ വോട്ടു വാങ്ങി അധികാരത്തിലെത്തുന്നവര്‍ ചെകുത്താന്‍ വിളയാട്ടങ്ങളില്‍ നിശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇവിടെയാണ് ജുഡീഷ്യറിയെ ആശ്രയിച്ചുമാത്രമെ ഈ രാജ്യത്ത് ഒരാള്‍ക്ക് ജീവിക്കാനാവൂ എന്ന് ബോധ്യമാവുക. വിദ്യാഭ്യാസത്തിന്റെ കുറവാണ് ചെകുത്താന്‍ സേവ വര്‍ധിക്കാന്‍ കാരണമെന്ന് സ്ഥാപിച്ച് ഇത് ഒരു ഉത്തരേന്ത്യയില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന് പറഞ്ഞൊഴിയാന്‍ വരട്ടെ. വായുവില്‍ നിന്ന് ഭസ്മവും സ്വര്‍ണ മോതിരവും വാച്ചും എടുക്കുന്നില്ലെങ്കിലും വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന നമുക്കിടയിലും ഇമ്മാതിരി ചെകുത്താന്മാര്‍ക്കും അവരുടെ അടിമകള്‍ക്കും കുറവൊന്നുമില്ലെന്നും ജോയ് മാത്യൂ പറയുന്നു.