പ്രൊഫ. പി.കെ.കെ തങ്ങള്‍
നവലോകക്രമം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അഥവാ അടുത്ത മുന്നേറ്റത്തിലേക്കുള്ള കുതിച്ചോട്ടത്തിലാണ്. ആധുനിക ലോകത്തിന് കേരളം അരനൂറ്റാണ്ടിനപ്പുറമുള്ള പ്രായം പോലും കണക്കാക്കുമെന്ന് തോന്നുന്നില്ല. അത്രയും അതിവേഗമാണ് കുതിപ്പ്. ലോകം ചുരുങ്ങി ഒരു ഗ്രാമത്തിന്റെ പരുവത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ‘ഗ്ലോബല്‍ വില്ലേജ’് എന്ന സാങ്കേതിക പ്രയോഗത്തിന്റെ സാരം പഠിപ്പിക്കുന്നത്! മുന്നേറ്റ ഗതിവേഗത്തിന്റെ പ്രതീകങ്ങളാണ് മനുഷ്യന്‍ പുതിയതായി കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഓരോ നേട്ടങ്ങളും. രാജ്യാന്തരവും രാജ്യപരവും പ്രാദേശികവും എന്തിനേറെ അയല്‍പക്ക, കുടുംബ ആഭ്യന്തര ബന്ധങ്ങള്‍പോലും ഇന്ന് കേവലം വിരല്‍തുമ്പിലേക്കൊതുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇപ്പറഞ്ഞതൊന്നും അല്‍പവും അതിശയോക്തിപരമല്ല. എന്തിനുമേതിനും വേഗവും ചുരുക്കവുമാണ് ഇന്നിന്റെ ആവശ്യം. അക്കാരണത്താലാണ് അടുത്തൊരു കാലം വരെ അപ്രാപ്യമായി കണക്കാക്കപ്പെട്ടിരുന്നതെല്ലാം ഇന്ന് വിരല്‍ തുമ്പില്‍ സാധ്യമാവുന്നത്. ലോകത്തിന്റെ വ്യാപ്തി കുറഞ്ഞു ഒരു ഗ്രാമത്തിന്റെ അളവിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിക്കുന്നതും അതുകൊണ്ടുതന്നെ. മനുഷ്യന്‍ അവന്റെ നിലനില്‍പിനും മുന്നേറ്റത്തിനുമായി കെണ്ടത്തുന്ന ഓരോ നേട്ടങ്ങളും, മസ്തിഷ്‌ക പ്രക്ഷാളനത്തിന്റെയും അനുബന്ധ വ്യക്തിഘടനയുടെ പ്രത്യേകതകളിലൂടെയും നേടിയെടുക്കുന്നവയാണ്. ആത്യന്തികമായി ഈ പ്രക്രിയ ലക്ഷ്യമിടുന്നത് മനുഷ്യനന്മ തന്നെയാവണമല്ലോ. വിദ്യാഭ്യാസം, കൃഷി, വ്യവസായം, ശാസ്ത്രസാങ്കേതിക വളര്‍ച്ച എന്നിവയെല്ലാം മനുഷ്യനെ ശരിയായ മനുഷ്യനായി വളര്‍ത്തിയെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും മുന്നേറുന്നതിനും ലക്ഷ്യമിടുന്നതാണെങ്കിലും അവയിലെല്ലാംതന്നെ വിപരീത ഘടകങ്ങളും അടങ്ങിയിരിക്കുമെന്നതില്‍ സംശയമില്ല. വളരെ ലളിതമായ ഉദാഹരണത്തിലൂടെ പറയുകയാണെങ്കില്‍ മനുഷ്യന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മധുരമെന്ന രുചിയുടെ സങ്കേതമായ പഞ്ചസാര (ഷുഗര്‍) വിപരീത ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടല്ലേ അത് പ്രമേഹത്തിന്റെ സഹായിയായി നിലകൊള്ളുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ യുക്തമായ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് മനുഷ്യനില്‍ ബുദ്ധിയെന്ന അതുല്യ നിധി നിക്ഷിപ്തമാക്കിയിട്ടുള്ളത്. അത്തരം തിരഞ്ഞെടുപ്പുകളുടെ ഘട്ടങ്ങള്‍ മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും അഭിമുഖീകരിക്കേണ്ടതായിവരും. എന്തൊന്നില്‍ ദോഷത്തിന്റെ അംശം മികച്ചുനില്‍ക്കുന്നോ അതിനെ നിരാകരിക്കുകയാവണം മനുഷ്യ ബുദ്ധി. മറിച്ചു അതിന് വഴങ്ങി നാശം വിളിച്ചുവരുത്തുകയല്ല വേണ്ടത്.
1956 നവംബര്‍ ഒന്ന് മുതല്‍ കേരള സംസ്ഥാനം നിലവില്‍ വന്നു. അതിനു കീഴിലുള്ള ഭരണകൂടങ്ങളിലാണല്ലോ നാം കഴിയുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നത നിലവാരം പുലര്‍ത്തിപ്പോരുന്നു. അതിന്റെയെല്ലാം നേട്ടങ്ങള്‍ നാം അനുഭവിച്ചുപോരുന്നുമുണ്ട്. നേട്ടങ്ങളോടൊപ്പം കോട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നിരാകരിക്കാനും നാം ഔത്സുക്യം കാണിക്കാറുണ്ട്. ലോകം ഒരു ‘ഗ്രാമത്തിലേക്ക് ചുരുങ്ങി’യെന്ന ആലങ്കാരിക പ്രയോഗം അവിടെ നില്‍ക്കട്ടെ. നാം അടിത്തട്ടു മുതല്‍ വളര്‍ന്നു ലോകത്തോളം വികസിച്ചുവെന്ന വ്യാഖ്യാനം പ്രസക്തമാണല്ലോ. അപ്രകാരം തന്നെ വിമാനവും കപ്പലും യാത്രക്ക് മാത്രമല്ല യുദ്ധാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത് നമുക്കനുഭവമല്ലേ? നേട്ടങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ആകെത്തുക മനുഷ്യനന്മയായിരിക്കണം. ഒരു ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ വിഷയങ്ങള്‍ തിരിച്ചറിവോടെ കൈകാര്യം ചെയ്യേണ്ടത് ഭരണകര്‍ത്താക്കളുടെ അനിവാര്യ കര്‍ത്തവ്യമാണ്. ജനങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ദോഷംവരുന്ന ഒരു പ്രവൃത്തിയും ഭരണകൂടത്തില്‍ നിന്നുണ്ടായിക്കൂടാ. മേനി നടിക്കാനും പദാര്‍ത്ഥലാഭങ്ങള്‍ ലക്ഷ്യമിട്ടും ജനങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭരണകര്‍ത്താവിനും ഭൂഷണമല്ല.
രാജ്യപദവിയിലറിയപ്പെടുകയും നെടുനാളായി നിലനിന്ന് പോന്ന് സ്ഥിരപ്രതിഷ്ഠ കൈവരിക്കുകയും ചെയ്തു കഴിഞ്ഞ പലതിനെയും ഹ്രസ്വവീക്ഷണത്തിന്റെയും, സ്വാര്‍ത്ഥതാല്‍പര്യത്തിന്റെയും, സ്വേച്ഛയുടെയും, ആത്മപ്രശംസയുടെയും പേരില്‍ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ തീര്‍ത്തും അനഭിലഷണീയമാണ്, ആക്ഷേപാര്‍ഹമാണ്. വിഖ്യാതമായ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി (ഐ.എ.എസ്) നെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസാക്കി (കെ.എ. എസ്) ലഘൂകരിക്കുന്നു. ഇപ്പോള്‍ സഹകരണ ബേങ്കുകളുടെ സ്ഥാനത്ത് കേരള ബാങ്കുമായി. ലോകപ്രശക്തമായ ഇന്ത്യന്‍ റയില്‍വേക്ക് സമാന്തരമായി പേരിനു മാത്രമായി ‘കേരള റയില്‍’ സംവിധാനം കൊണ്ടുവരുന്നു പോലും. കെ റയിലിന്റെ പരിമിതികളും അതേല്‍പിക്കാന്‍ പോകുന്ന ക്ഷതങ്ങളും, ജനങ്ങള്‍ മൊത്തത്തില്‍ സഹിക്കേണ്ടി വരുന്ന പാര്‍പ്പിടകൃഷിയിട പ്രശ്‌നങ്ങളും വെള്ളക്കെട്ട്, കാല്‍നട പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കാതെ ‘ഞാന്‍ തീരുമാനിച്ചാല്‍ താനാര് ചോദ്യം ചെയ്യാന്‍’ എന്ന ഭാവത്തില്‍ മുന്നേറുകയാണ് ഭരണകര്‍ത്താവ്.