X

പീഡനക്കേസ്; തരുണ്‍ തേജ്പാലിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ന്യൂഡല്‍ഹി: തെഹല്‍ക മാഗസിന്‍ സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗിക പീഡനക്കേസ് തള്ളാനാകില്ലെന്ന് സുപ്രീംകോടതി. 2013 ലെ ലൈംഗിക പീഡനക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ധാര്‍മികതക്ക് വിരുദ്ധമായ കേസാണിതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഗൗരവതരമായ കേസാണ് തേജ്പാലിനെതിരെ നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഗോവ കോടതിക്ക് നിര്‍ദേശവും നല്‍കി. ഇനിയും വിചാരണയില്‍ താമസം പാടില്ല. തേജ്പാലിന് ഒരുതരത്തിലുള്ള ഇളവും ലഭിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു. 2017 സെപ്തംബറിലാണ് ഗോവ കോടതി തേജ്പാലിനെതിരെ ബലാത്സംഗം, ലൈംഗികാധിക്ഷേപം, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത്. കുറ്റങ്ങള്‍ തേജ്പാല്‍ നിഷേധിച്ചിരുന്നു. ഗോവയിലെ ഹോട്ടലില്‍ നടന്ന തിങ്ക് ഫെസ്റ്റിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2013 നവംബര്‍ 30 നാണ് തേജ്പാല്‍ അറസ്റ്റിലായത്. 2014 മെയില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.

chandrika: