X

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം; ആറാഴ്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

യു.പി സര്‍ക്കാര്‍ ചുമത്തിയ യു.എ.പി.എ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു. ആറാഴ്ച സിദ്ദിഖ് കാപ്പന്‍ ദില്ലി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ജയില്‍മോചിതനാകാന്‍ ഇ.ഡിയുടെ കേസിലും ജാമ്യം ലഭിക്കണം.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. 2020 ഒക്ടോബര്‍ 5നാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

Test User: