X

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു. വൈകീട്ട് ആറരയോടെ രാജേശ്വരി നഗറിലെ വസതിയിലെത്തിയ അജ്ഞാതര്‍ ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി ലങ്കേഷിന്റെ മകളാണ്. നിരവധി കന്നഡ, ഇംഗ്ലീഷ് പത്രങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഗൗരിക്കെതിരെ, ബി.ജെ.പി എം.പി പ്രഹഌദ് ജോഷി നല്‍കിയ അപകീര്‍ത്തി കേസില്‍ കഴിഞ്ഞദിവസം ഹുബ്ലി ചീഫ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കന്നഡ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലറും പുരോഗമന വാദിയുമായ എം.എം കല്‍ബുര്‍ഗി രണ്ടു വര്‍ഷം വെടിയേറ്റു മരിച്ച അതേ രീതിയില്‍ തന്നെയാണ് ഗൗരി ലങ്കേഷിനെതിരെയും ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്ലോസ് റേഞ്ചില്‍നിന്നാണ് അക്രമികള്‍ വെടിയുതിര്‍ന്നതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. ഏഴു തവണ വെടിയുതിര്‍ത്തിട്ടുണ്ട്. മൂന്ന് ബുള്ളറ്റുകള്‍ ശരീരത്തില്‍ തുളച്ചുകയറി. വീടിന്റെ വാതില്‍പ്പടിയില്‍ തന്നെ ഇവര്‍ വെടിയേറ്റു വീണതായും തല്ക്ഷണം മരിച്ചതായും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി പൊലീസ് പറഞ്ഞു.

chandrika: