അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായിരുന്നു കെ യു ഇഖ്ബാൽ (58) ജിദ്ദയിൽ നിര്യാതനായി. ലൂകീമിയ ബാധിച്ച് ഏതാനും ദിവസങ്ങൾ ജിദ്ദ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മയ്യത്ത് കിംഗ് ഫഹദ് ആശുപത്രിയിൽ മോർച്ചറിയിലാണ്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇഖ്ബാൽ.
ദീര്‍ഘകാലം റിയാദില്‍ മലയാളം ന്യൂസ് ലേഖകനായിരുന്നു. മാതൃഭൂമിയിലും മറ്റ് ആനുകാലികങ്ങളിലും സ്ഥിരം കോളമിസ്റ്റായിരുന്നു. സഊദി അറേബ്യ പശ്ചാതലമായി ഇറങ്ങിയ ഹിറ്റ് സിനിമ ‘ഖദ്ദാമ’ യുടെ കഥയെഴുതിയത് ഇഖ്ബാലായിരുന്നു.റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു . നിരവധി സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും ഊർജം പകർന്ന ഇഖ്ബാൽ സഊദിയിലെ മലയാളി സമൂഹത്തിനിടയിൽ ജനകീയനായ മാധ്യമ പ്രവർത്തകനായിരുന്നു.
കൊടുങ്ങല്ലൂരിലെ പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ് (ദൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി). കുടുംബം നേരത്തെ സഊദിയിലുണ്ടായിരുന്നു. ഇഖ്ബാലിന്റെ മരണത്തിൽ സഊദിയിലെ വിവിധ സംഘടനകൾ അനുശോചിച്ചു . ഊർജ്ജസ്വലനായ മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായതെന്ന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. ഇഖ്ബാലിന്റെ വിയോഗത്തിൽ കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.