X

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി. സുരേഷ് ഗോപിക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് മുൻ കൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കും.

മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചു.
പൊലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ആ കുട്ടിക്ക് റോങ് ടച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. കേസിൽ സുരേഷ് ​ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

webdesk14: