കൊല്ലം: മാധ്യമപ്രവര്‍ത്തകനെ കൊല്ലം റെയില്‍വേ പൊലീസ് കൈയ്യേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യാനെത്തിയ വര്‍ത്തമാനം മുന്‍ എഡിറ്റര്‍ വി.കെ അസഫലിയെ ഐ.ഡി കാര്‍ഡ്ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കൈയ്യേറ്റം ചെയ്തുവെന്നാണ് പരാതി.
ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപെട്ടതു കാരണം അസഫലി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറയുന്നത്: മെയ് 10ന് ഇന്ന് ഉച്ചക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള ട്രെയിന്‍ കയറാന്‍ കൊല്ലം റയില്‍വേ സ്‌റ്റേഷനിലെത്തിയ എന്നെ സിവില്‍ പൊലീസുകാരന്‍ തടഞ്ഞു നിര്‍ത്തി. ട്രെയിന്‍ കയറാന്‍ ധൃതിയില്‍ ലഗേജുകളുമായി നടക്കുന്ന ഞാന്‍ കാര്യമറിയാതെ അമ്പരന്നു. വളരെ അപമര്യാദയില്‍ പോലീസുകാരന്‍ ഐ ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു.
മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോള്‍ എന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ മറ്റു യാത്രക്കാരുടെ മുന്നില്‍ വെച്ച് അപമാനിച്ചു. അതിനു ശേഷം എന്നെ ബലമായി റയില്‍വേ പൊലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി.സ്‌റ്റേഷന്‍ കവാടത്തില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നാലോളം പൊലീസുകാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്‌റ്റേഷന് പുറത്ത് വെച്ച് തന്നെ സബ് ഇന്‍സ്‌പെക്ടര്‍ എന്റെ കോളറില്‍ കയറിപ്പിടിച്ച് ഒരു കുറ്റവാളിയെ എന്നവണ്ണം സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തില്‍ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി. വാരിയെല്ലില്‍ പിടിച്ചമര്‍ത്തി ശ്വാസം മുട്ടിച്ചു.
ചുറ്റുമുള്ള പൊലീസുകാരും സബ് ഇസ്‌പെക്ടറും കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തി. മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച കൈ പിടിച്ച് ഞെരിച്ച് ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഞാന്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന ഐ.ഡി ബാഗില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറിവിളികള്‍. കേരളാ ഗവണ്‍മെന്റ് നല്‍കിയ ഐഡിയാണെന്നും ഈ കാണിക്കുന്ന ക്രൂരത ഞാന്‍ കംപ്ലയിന്റ് ചെയ്യുമെന്നും പറഞ്ഞപ്പോള്‍ എന്നെ നാലു ഭാഗത്തും വളഞ്ഞു നിന്ന് വീണ്ടും തെറി വിളിയായി. പരാതി കൊടുത്താല്‍ നിന്നെ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് വധഭീഷണി മുഴക്കി.
എനിക്ക് ട്രെയിന്‍ മിസ്സാവുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ബോംബ് വെക്കാന്‍ പോകുന്നയാളാണോ എന്നൊക്കെ പരിശോധിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നു നോക്കി. എന്‍ട്രി ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുമ്പില്‍ ഇരുന്ന ഉദ്യോഗസ്ഥനോട് സബ് ഇസ്‌പെക്ടര്‍ ആക്രോശിച്ചുവെന്നും പരാതിയില്‍ പറയുന്നു. റെയില്‍വെ പൊലീസ് മാധ്യമ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പെരുമാറിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.