X

റോഹിന്‍ഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 

നായ്പയിഡോ: റോഹിന്‍ഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്‌സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ ഭരണകൂടം. അറസ്റ്റ് ചെയ്തു. മ്യാന്‍മറില്‍ പട്ടാളക്കാരും, ഗ്രാമീണരും ചേര്‍ന്ന് 10 റോഹിന്‍ഗ്യന്‍ പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്തത്.

വാ ലോണ്‍, കവ സോ അഓ എന്നി മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായത്. റാഖൈന്‍ സംസ്ഥാനത്ത് നടന്ന റോഹിന്‍ഗ്യ പ്രതിസന്ധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംസ്ഥാന രഹസ്യരേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചുവെന്നാണ് മ്യാന്‍മര്‍ ആരോപിക്കുന്നത്.

മ്യാന്‍മറില്‍ പട്ടാളക്കാര്‍ ഇന്‍ ദിന്‍ ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായത്തോടെ 10 റോഹിന്‍ഗ്യകളെയും, കൗമാരക്കാരായ ആണ്‍കുട്ടികളെയും തടഞ്ഞു നിര്‍ത്തി സെപ്തംബര്‍ രണ്ടിന് വധശിക്ഷ നടപ്പാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗസ്റ്റ് മുതല്‍ ഏഴരലക്ഷത്തോളം റോഹിന്‍ഗ്യന്‍ വടക്കന്‍ റഖീനില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം നടത്തിയെന്നും ഇത് ഐക്യരാഷ്ട്ര സഭ വംശീയ ശുദ്ധീകരണം എന്ന് ഉയര്‍ത്തിക്കാട്ടിയ മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടികള്‍ കാരണമാണെന്നും റോയിട്ടേഴ്‌സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്‍ ദിന്‍ കൂട്ടക്കൊലയെ കുറിച്ച് റോയിട്ടേഴ്‌സ് അന്വേഷണം നടത്തിയതാണ് റിപ്പോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുവാന്‍ റോയിട്ടേഴ്‌സ് പട്ടാളത്തിന്റെ ക്രൂരതക്ക് ഇരയായവരുടെ കുടുംബങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ അഭിമുഖങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയിരുന്നു. 10 റോഹിന്‍ഗ്യക്കാരുടെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് മ്യാന്‍മര്‍ സൈന്യം സമ്മതിച്ചിരുന്നു. എന്നാല്‍, അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ ശവകുടീരങ്ങള്‍ കണ്ടെത്തിയെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് മ്യാന്‍മര്‍ ഭരണകൂടം മറുപടി നല്‍കിയിട്ടില്ല. കൊലചെയ്യപ്പെട്ടവര്‍ റോഹിന്‍ഗ്യന്‍ തീവ്രവാദികളാണെന്നും എന്നാല്‍ റോയിട്ടേഴ്‌സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അവര്‍ മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, കൗമാരക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍, ഇസ്‌ലാമിക അധ്യാപകന്‍ എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നതെന്നും ഇത് തെറ്റാണെന്നും മ്യാന്‍മര്‍ സൈന്യം ആരോപിച്ചു.

നല്‍കിയ വാര്‍ത്ത ആഗോളതലത്തില്‍ പ്രാധാന്യമുള്ളതാണെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി. അതില്‍ ഒരു തരത്തിലുള്ള കള്ളത്തരങ്ങളും ഇല്ല. ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ ഈ പ്രശ്‌നത്തില്‍ ഞങ്ങള്‍ ഭയക്കുന്നില്ലെന്നും റോയിട്ടേഴ്‌സ് പ്രസിഡന്റ് സ്റ്റീഫന്‍ ജെ അഡ്ഡ്‌ലര്‍ അറിയിച്ചു.

chandrika: