ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എ ക്കുമെതിരെയാണ് പരാതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ വാര്‍ത്ത നല്‍കാതിരിക്കാനാണ് പണം നല്‍കാന്‍ ശ്രമിച്ചത്. ലേയിലെ പ്രസ്‌ക്ലബ്ബില്‍ വെച്ചായിരുന്നു സംഭവം. ജില്ലയിലെ വരണാധികാരിക്ക് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. കുറ്റം തെളിയുന്ന രീതിയില്‍ പെരുമാറ്റചട്ട ലംഘനമായതിനാല്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് വരണാധികാരി അറിയിച്ചു. ജമ്മുകാശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന, എം.എല്‍.എ വിക്രം രണ്‍ദ് വെ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നേതാക്കള്‍ ആരോപണം നിഷേധിച്ചെങ്കിലും വീഡിയോകള്‍ പുറത്ത് വിട്ടത് വന്‍ പ്രഹരമായിരിക്കുകയാണ്.