ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തില്‍ പ്രതിക്കൂട്ടിലായി ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍. എന്‍.ടി.പി.സി ഹൈഡല്‍ പ്രോജക്ടിനായി കൂറ്റന്‍ പാറകള്‍ പൊട്ടിക്കാന്‍ നടത്തിയ സ്‌ഫോടനങ്ങളും ഭൂമിക്ക് വിള്ളല്‍ വീഴുന്നതും സംബന്ധിച്ച പ്രദേശ വാസികളുടെ ആശങ്ക സര്‍ക്കാറുകള്‍ അവഗണിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഭൂമിയിലെ വിള്ളലുകള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയാവുകയും ക്ഷേത്രം ഉള്‍പ്പെടെ തകര്‍ന്നു വീഴുകയും ചെയ്ത ശേഷമാണ് സര്‍ക്കാര്‍ കണ്ണു തുറന്നിരിക്കുന്നത്. പ്രദേശ വാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
എന്നാല്‍ ജോഷിമഠിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രദേശ വാസികള്‍ കഴിഞ്ഞ മാസം മാത്രം മൂന്നു തവണ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കത്തയച്ചതായാണ് വെളിപ്പെടുത്തല്‍. എന്‍.ടി.പി.സി ഹൈഡല്‍ പ്രോജക്ടിന്റെ ടണല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്‌ഫോടനങ്ങള്‍ തുടങ്ങിയതു മുതല്‍ വീടുകളിലെ വിള്ളലുകള്‍ വര്‍ധിക്കുന്നതായും ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കത്തുകള്‍ അവഗണിക്കുകയായിരുന്നു.
ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസവും ഹൈഡല്‍ പ്രോജക്ടും തമ്മില്‍ ബന്ധമില്ലെന്നാണ് എന്‍.ടി.പി.സി അധികൃതര്‍ വാദിക്കുന്നത്. അതേസമയം സംഭവ സ്ഥലത്ത് പഠനം നടത്തിക്കൊണ്ടിരിക്കുന്ന റൂര്‍ക്കി ഐ.ഐ.ടി വിദഗ്ധര്‍ ഇതുവരെ പ്രദേശ വാസികളുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടില്ല.
മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടറുടെ ശ്രദ്ധയിലും വിഷയം കൊണ്ടു വന്നിരുന്നതായി പ്രദേശ വാസികള്‍ വെളിപ്പെടുത്തി. ടണലുകള്‍ക്കായി സ്‌ഫോടനം നടത്തുമ്പോള്‍ പ്രദേശമാകെ പ്രകമ്പനം കൊള്ളുമായിരുന്നു. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. സംഭവ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ കളക്ടറും യാതൊരു നടപടിയും സ്വീകരിച്ചില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന തങ്ങളുടെ ആവശ്യവും അംഗീകരിച്ചില്ലെന്ന് പ്രദേശ വാസികളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശ വാസികള്‍ ആശങ്ക അറിയിച്ച് തനിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നുവെന്ന കാര്യം ജോഷിമഠ് ഉള്‍കൊള്ളുന്ന ചാമോലി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഖുരാനാ പറഞ്ഞു. എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന വിശദീകരണമാണ് എന്‍.ടി.പി.സി ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.