വാഷിങ്ടണ്‍: നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ജോസഫ് സ്റ്റിഗ് ലിറ്റ്‌സ്. മോദി സര്‍ക്കാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുകയാണെന്ന് ജോസഫ് സ്റ്റിഗ് ലിറ്റ്‌സ് പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വെബ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് നൊബേല്‍ സമ്മാന ജേതാവുകൂടിയായ സ്റ്റിഗ് ലിറ്റ്‌സിന്റെ പ്രതികരണം.
ഹിന്ദുക്കളേയും മുസ്‌ലിംങ്ങളേയും തമ്മിലടിപ്പിക്കുന്ന മോദിയുടെ നടപടി ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കും. നിങ്ങളുടെ കഴിഞ്ഞ 250 വര്‍ഷത്തെ സാമ്പത്തിക പുരോഗതിയുടെ കാരണം സഹിഷ്ണുതയും ബഹുസ്വരതയുമാണ്. നിങ്ങള്‍ ചെയ്യേണ്ടതിന്റെ നേര്‍വിപരീതമാണ് വിഭജന രാഷ്ട്രീയം. മോദി നിങ്ങളുടെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുന്നു. ഇത് നിങ്ങളുടെ സാമൂഹികസാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കും. അടിസ്ഥാന സ്വഭാവത്തില്‍ നടക്കുന്ന ഈ വിഭജനം ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”ഇന്ത്യയും അമേരിക്കയും ബ്രസീലുമടക്കമുള്ള രാജ്യങ്ങള്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ്. എന്തുചെയ്യരുതെന്നതിന്റെ ഉത്തമ ഉദാഹരമാണ് ഇന്ത്യ. ഇന്ത്യപോലുള്ള ഒരു ദരിദ്രരാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ചിന്തിക്കേണ്ടിയിരുന്നു. ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് മനസ്സിലാക്കേണ്ടിയിരുന്നു. ഒരുപാട് മനുഷ്യര്‍ രാജ്യത്തുടനീളം സഞ്ചരിച്ചുകൊണ്ടേയിരുന്നു. പകര്‍ച്ച വ്യാധിയെ തുരത്താതെ സാമ്പത്തിക ശക്തി വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീക്കണം”. സ്റ്റിഗ് ലിറ്റ്‌സ് അഭിപ്രായപ്പെട്ടു.