തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയ നടപടിയില്‍ കേരള കോണ്‍ഗ്രസില്‍ അമര്‍ഷം രൂക്ഷം. ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവരുടെ മൗനം പാര്‍ട്ടിക്ക് നല്ലതല്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര കമ്മിറ്റി അംഗം പി. എം മാത്യു പറഞ്ഞു.
വേദിയില്‍ വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാല്‍ അത് ചെയ്തില്ല, പ്രതികരിക്കാന്‍ കഴിയാതെ പോയാല്‍ അതിന്റേതായ അപകടം പാര്‍ട്ടിക്ക് ഉണ്ടാകുമെന്നും പി.എം മാത്യു പറഞ്ഞു.
തോമസ് ചാഴികാടനെ തിരുത്തിയ മുഖ്യമന്ത്രിയുടെ വാക്കുകളാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ അതൃപ്തിക്ക് കാരണം. പാലായിലെ നവകേരള സദസ്സ് വേദിയില്‍ തോമസ് ചാഴികാടന്റെ പ്രസംഗത്തില്‍ റബ്ബര്‍ വില തകര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പരാതി അറിയിക്കാനുള്ള വേദിയല്ല ഇതൊന്നും എം.പിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിര്‍ഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു.
അതേസമയം നവകേരള സദസ്സില്‍ റബര്‍ കര്‍ഷകരുടെ പ്രശ്‌നം ഉന്നയിച്ച തോമസ് ചാഴിക്കാടന്‍ എം പിയുടെ നടപടിയില്‍ തെറ്റില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നം എംപി എന്ന നിലയില്‍ അദ്ദേഹം ചൂണ്ടി കാണിക്കുകയാണ് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ മറുപടി എം പി യെ അവഹേളിക്കുന്നതല്ലന്നും യാത്രയുടെ ഉദ്ദേശം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും റോഷി അഗസ്റ്റിന്‍ കോട്ടയത്ത് പറഞ്ഞു.