തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ചാഞ്ഞ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ തിരുവനന്തപുരത്തെ കൂടിക്കാഴ്ചകള്‍ക്കായി കാറും ഡ്രൈവറും വിട്ടു നല്‍കി സിപിഎം. എകെജി സെന്ററിലെ കാറും ഡ്രൈവറുമാണ് ജോസിനൊപ്പമുള്ളത്. സിപിഎം നല്‍കിയ വാഹനത്തിലാണ് ജോസ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാന്‍ എംഎന്‍ സ്മാരകത്തിലെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പഴയ സമരങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു. ജോസിനെ യാത്രയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിന്റെ പടി വരെ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനിടെയാണ് ജോസ് കെ മാണി റോഷി അഗസ്റ്റിനൊപ്പം സിപിഎം ആസ്ഥാനത്തെത്തിയത്.
അതേസമയം, ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ സിപിഎം നടത്തിയ രൂക്ഷമായ കടന്നാക്രമണം ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്. തദ്ദേശ തെരഞ്ഞൈടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അതു പ്രതിഫലമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കണ്ണുവയ്ക്കുന്ന മണ്ഡലങ്ങള്‍
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വച്ചു മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ചൂടുപിടിക്കും. പാലാ വിട്ടു തരില്ലെന്ന് എന്‍സിപി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആസ്ഥാനമെന്ന നിലയിലും കെഎം മാണി 50 വര്‍ഷം മത്സരിച്ചു ജയിച്ച മണ്ഡലമെന്ന നിലയിലും പാലാ മണ്ഡലം വിട്ടു കൊടുക്കുന്നത് ജോസ് കെ മാണിക്ക് ആലോചിക്കാന്‍ വയ്യ.
13 സീറ്റുകളാണ് നിലവില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. പത്തു സീറ്റെങ്കിലും നല്‍കാമെന്ന ഉറപ്പാണ് സിപിഎം വാക്കാല്‍ നല്‍കിയിട്ടുള്ളത്. പാലാ, കടുതിരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി, കാഞ്ഞിരപ്പിള്ളി എന്നിവയും കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു സീറ്റും കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ ഒരെണ്ണവും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, പിറവം സീറ്റുകളില്‍ ഒരെണ്ണവും തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവയില്‍ ഒരെണ്ണവും വേണമെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇടുക്കിയില്‍ ഇടുക്കിക്ക് പുറമേ, തൊടുപുഴയും ആവശ്യപ്പെട്ടേക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു സീറ്റും പത്തനംതിട്ടയിലെ തിരുവല്ല, റാന്നി സീറ്റില്‍ ഏതെങ്കിലും ഒന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജോസ് പക്ഷം ആവശ്യപ്പെട്ട സീറ്റുകളില്‍ പലതിയും സിപിഎം എംപിമാരാണ് നിലവിലുള്ളത് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ജോസ് പക്ഷം തങ്ങള്‍ക്കൊപ്പം ചേരുന്നത് മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്കുകൂട്ടല്‍ സിപിഎമ്മിനുണ്ട്. 38 വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച ശേഷമാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലെത്തുന്നത്. അപ്പോഴും പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ കെഎം മാണിയെ കുറിച്ച് സിപിഎം പറഞ്ഞ അപവാദ-നുണക്കഥകള്‍ ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്.