X

വിപ്പ് തര്‍ക്കം; ജോസഫ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നില്‍ വിപ്പ് പതിച്ച് ജോസ് വിഭാഗം

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ കേരള കോണ്‍ഗ്രസിലെ വിപ്പ് തര്‍ക്കം തുടരുന്നു. എല്‍എല്‍എ ഹോസ്റ്റലില്‍ മുറികള്‍ക്ക് മുന്നില്‍ വിപ്പ് പതിപ്പിച്ച് ജോസ് ജോസഫ് വിഭാഗങ്ങള്‍ രംഗത്തെത്തി. ജോസഫ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നില്‍ ജോസ് വിഭാഗം നോട്ടീസ് പതിപ്പിച്ചു. ഇതിന് പിന്നാലെ ജോസ് വിഭാഗത്തിന്റെ രണ്ട് എംഎല്‍എമാരുടെ മുറിക്ക് മുന്നില്‍ ജോസഫ് വിഭാഗവും വിപ്പ് ഒട്ടിച്ചു.

സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെയും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ നാളെത്തന്നെ കടുത്ത നടപടി എടുക്കുമെന്നാണ് ജോസിനുള്ള യുഡിഎഫ് മുന്നറിയിപ്പ്. ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോന്‍സ് ജോസഫുമാണ് വിപ്പ് പുറപ്പെടുവിച്ചത്.

യുഡിഎഫിന്റെ ഭീഷണി തള്ളിയ ജോസ് പക്ഷം വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് പക്ഷ എംഎല്‍എമാരുടെ മുറിക്ക് മുന്നില്‍ വിപ്പ് പതിപ്പിച്ചു. ഇതിന് മറുപടിയായാണ് ജോസഫ് പക്ഷം ജോസ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നിലും നോട്ടീസ് ഒട്ടിച്ചത്.

വിപ്പ് ആയുധമാക്കി ജോസിനെ കുരുക്കാനാണ് കോണ്‍ഗ്രസിന്റേയും ജോസഫിന്റേയും നീക്കം. അവിശ്വാസപ്രമേയത്തെ അനുകൂലിക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനും യുഡിഎഫും ജോസഫും ജോസ് പക്ഷത്തെ രണ്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വിപ്പ് അനുസരിക്കുക എന്നത് ജോസിനുള്ള അവസാന അവസരമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്.

വിപ്പ് ലംഘിച്ചാല്‍ റോഷി അഗസ്റ്റിനെയും പ്രൊ.ജയരാജിനെയും അയോഗ്യരാക്കാന്‍ നാളെത്തന്നെ സ്പീക്കറെ സമീപിക്കുമെന്നാണ് ജോസഫിനന്റെ ഭീഷണി എന്നാല്‍ ജോസ് വഴങ്ങാനില്ല. അയോഗ്യതാ ഭീഷണി തിരിച്ചുയര്‍ത്തിക്കൊണ്ടാണ് എംഎല്‍എ ഹോസ്റ്റലില്‍ ജോസഫ് പക്ഷ എംഎല്‍എമാരുടെ മുറിക്ക് മുന്നില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാനാവശ്യപ്പെട്ട് വിപ്പ് പതിപ്പിച്ചത്.

യുഡിഎഫ് വീണ്ടും കടുത്ത നടപടി എടുത്താല്‍ ജോസിന് തുടര്‍ രാഷ്ട്രീയനിലപാട് എടുക്കാന്‍ ഇനി തടസ്സമുണ്ടാകില്ല. ഇതിനകം ജോസിന്റെ സ്വതന്ത്രനിലപാടിനെ സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. ജോസഫ് ജോസ് പക്ഷങ്ങളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ഉള്ളതിനാല്‍ അയോഗ്യതയില്‍ സ്പീക്കര്‍ ഉടന്‍ തീരുമാനമെടുക്കാനിടയില്ല. പക്ഷേ ജോസും യുഡിഎഫും തമ്മിലെ ബന്ധത്തില്‍ നാളെ രണ്ടിലൊന്ന് അറിയാം.

chandrika: