X

ഭീകരവാദത്തിനെതിരായ യുദ്ധം ജനങ്ങളും മതങ്ങളും തമ്മിലാകരുത്: ജോര്‍ദാന്‍ രാജാവ്

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുതെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ‘ഇസ്‌ലാമിക പൈതൃകം-ധാരണകളെ പ്രോത്സാഹിപ്പിക്കലും തീഷ്ണത കുറയ്ക്കലും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോര്‍ദാന്‍ രാജാവ്.

ഒരു മതവും ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുന്നില്ല. ലോകത്താകമാനം ചില സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. വരും ലോകത്തിന് നന്മയുള്ള ഭാവി പടുത്തുയര്‍ത്താന്‍ മുസ്‌ലിംകളും അല്ലാത്തവരും അധികാരം ഉപയോഗിക്കണം. അനുകമ്പ, കാരുണ്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളാണ് മുസ്‌ലിംകള്‍ ലോകത്തിനായി പങ്കുവെക്കുന്നത്. നാം ഓരോരുത്തരും അഭിവൃദ്ധിയുളള രാജ്യങ്ങള്‍ കെട്ടിപ്പടുക്കണം. കുഴപ്പങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതവും സമാധാനപരവുമായ ഭാവിക്കായും നമ്മള്‍ പ്രതിജ്ഞ ചെയ്യണം. എന്നാല്‍, മാത്രമെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കൂ. വ്യത്യസ്ത രാജ്യങ്ങളും ജനങ്ങളും അവരുടെ ഉത്തരവാദിത്തങ്ങള്‍ നല്ല ഭാവിക്കായി പങ്കുവെക്കണം. എല്ലാവര്‍ക്കും നല്ല ഭാവി ഉണ്ടാവുക എന്ന നിലപാടിലാണ് ജോര്‍ദാന്‍ ജനങ്ങള്‍ നിലകൊള്ളുന്നതെന്നും അബ്ദുല്ല രണ്ടാമന്‍ ചൂണ്ടിക്കാട്ടി. വിശ്വാസം വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുകയാണ് ചെയ്യുന്നതെന്നും വിദ്വേഷം വളര്‍ത്തുന്നതിനെ ചെറുക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും കളിത്തൊട്ടിലായ ഇടമാണ് ഇന്ത്യയെന്നും നൂറ്റാണ്ടുകളോളം പഴക്കമുള്ള ബഹുസ്വരതയുടെ ആഘോഷമാണ് ഇന്ത്യന്‍ ജനാധിപത്യമെന്നും ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എല്ലാ വിശ്വാസങ്ങളും മാനുഷികമൂല്യങ്ങളെ പുകഴ്ത്തുന്നതാണ്. അതുകൊണ്ട് തന്നെ യുവാക്കള്‍ ഇസ്‌ലാം മതത്തിലെ മാനുഷികതയുള്‍ക്കൊള്ളണം-മോദി പറഞ്ഞു.

chandrika: