X
    Categories: Video Stories

കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 33,000 ബേബി പൗഡര്‍ ടിന്നുകള്‍ തിരിച്ചുവിളിച്ചു

വാഷിങ്ടണ്‍: കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അമേരിക്കയില്‍ വിറ്റ 33,000 ബേബി പൗഡര്‍ ടിന്നുകള്‍ തിരിച്ചുവിളിച്ചു. ക്യാന്‍സറിന് കാരണമാവുന്ന മാരകമായ ആസ്‌ബെസ്‌റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉല്‍പന്നങ്ങള്‍ തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്‌ബെസ്‌റ്റോസിന്റെ അളവ് കണ്ടെത്തിയത്.
ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്നത്. ബേബി പൗഡര്‍ ഉള്‍പ്പെടെ കമ്പനിയുടെ നിരവധി ഉല്‍പന്നങ്ങള്‍ മുന്‍പും ആരോപണം നേരിട്ടിരുന്നു. വൈദ്യ ഉപകരണങ്ങള്‍, ചില മരുന്നുകള്‍ എന്നിവക്കെതിരെയും യു.എസില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ച കേസില്‍ കമ്പനിക്ക് 32,000 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു.
ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരിച്ചിരുന്നു.
അതേസമയം, വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: