X

ബംഗാളില്‍ നിങ്ങളെ വേണ്ട, ദയവായി ഇങ്ങോട്ട് വന്ന് വോട്ടു ഭിന്നിപ്പിക്കരുത്; ഉവൈസിയോടുള്ള ബന്ധം വിച്ഛേദിച്ച് പാര്‍ട്ടി നേതാവ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ എഐഎംഐഎം നേതാവ് അന്‍വര്‍ പാഷ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ പാര്‍ട്ടി സഹായിച്ചു എന്നാരോപിച്ചാണ് പാഷ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി വിട്ടത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഉവൈസിയുടെ പ്രഖ്യാപത്തിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി. എഐഎംഐഎം സംസ്ഥാന കണ്‍വീനറാണ് അന്‍വര്‍ പാഷ.

‘ഇത് വളരെ അപകടരമാണ്. ബംഗാളില്‍ അനുവദിക്കാന്‍ പറ്റില്ല. ബിഹാര്‍ മോഡല്‍ ബംഗാളില്‍ നടപ്പാക്കിയാല്‍ സംസ്ഥാനം രക്തത്തില്‍ മൂടും. മുപ്പത് ശതമാനം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ബംഗാളില്‍ ഈ ശക്തികളെ തടയേണ്ടത് അത്യാവശ്യമാണ്’ – അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്- പാഷ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ശബ്ദമുയര്‍ത്തിയ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. അവര്‍ രാഷ്ട്രീയ പ്രീണനം നടത്തുകയാണ് എന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ മമത ഇമാമുകാര്‍ക്ക് പണം നല്‍കുന്നുണ്ട് എങ്കില്‍ പുരോഹിതര്‍ക്കും അതു കിട്ടുന്നുണ്ട്. അവര്‍ തല മറച്ച് ആമീന്‍ പറയുന്നുണ്ട് എങ്കില്‍ ക്ഷേത്രത്തില്‍ പോയി പൂജയും ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു മതേതര നേതാവിനെ ഞാന്‍ കണ്ടിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദയവായി ബംഗാളിലേക്ക് വരരുത് എന്നും പാഷ ഉവൈസിയോട് ആവശ്യപ്പെട്ടു. ബംഗാളിന് നിങ്ങളെ ആവശ്യമില്ല. എന്നിട്ടും നിങ്ങള്‍ വരികയാണ് എങ്കില്‍ ഞങ്ങള്‍ യുദ്ധം ചെയ്യും- പാഷ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്.

Test User: