ഷാര്‍ജ: മാപ്പിള മുസ്ലിം ചരിത്ര പൈതൃകവും അറബ് പൈതൃകവും കൈകോര്‍ക്കുന്ന പദ്ധതികള്‍ സഹകരിച്ചു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍അസീസ് അബ്ദുര്‍റഹ്മാന്‍ അല്‍മുസല്ലം. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ഛ് മുഹമ്മദ് കോയ ചെയര്‍ഫോര്‍ ഡവലപിംഗ് സൊസൈറ്റീസിന്റെ അനുമോദനപത്രം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി എച്ഛ് മുഹമ്മദ് കോയ ചെയറുമായി ചേര്‍ന്ന് പൈതൃക സംരക്ഷണവും രേഖപ്പെടുത്തലും സംബന്ധിച്ച ശാസ്ത്രീയമായ അറിവുപകരുന്ന അറബിയിലും ഇംഗ്ലീഷിലുമുള്ള പരിശീലന കോഴ്സുകള്‍ ആലോചനയിലുണ്ട്. അറബ് ഭാഷ സംഭാവന ചെയ്ത ധാരാളം വാക്കുകളും പ്രയോഗങ്ങളും ലോക ഭാഷകളിലുണ്ട്. തീര്‍ച്ചയായും അറബി ഭാഷയിലേക്കും പല ഭാഷകളില്‍ നിന്നും സ്വീകരിച്ചിട്ടുമുണ്ട്. മാപ്പിള മുസ്ലിം പൈതൃകത്തിന്റെ ഭാഗമായ ആകര്‍ഷകമായ ഭാഷയാണ് അറബി-മലയാളം എന്ന് മനസ്സിലാക്കപ്പെടുന്നു. ഈ ഭാഷയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജിന് (എസ്.ഐ.എച്ഛ്) പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജില്‍ നടന്ന ചടങ്ങില്‍സി എച്ഛ് മുഹമ്മദ് കോയ ചെയര്‍ഫോര്‍ ഡവലപിംഗ് സൊസൈറ്റീസിന്റെ ഡോണര്‍ ഓര്‍ഗനൈസേഷനായ ഗ്രെയിസ് എഡ്യുക്കേഷനല്‍ അസോസിയേഷന്‍ അസോസിയേറ്റ് മെമ്പറും ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്ററുമായ അശ്റഫ് തൂണേരി അനുമോദന പത്രം കൈമാറി. എസ്.ഐ.എച്ഛ് ഇന്‍ര്‍നാഷണല്‍ റിലേഷന്‍സ് ഡപ്യൂട്ടി മേധാവി ഈമാന്‍ മുസ്തഫ അബൂഹസനൈന്‍, എസ്.ഐ.എച്ഛ് ചെയര്‍മാന്‍ ഓഫീസ് പ്രത്യേക പ്രതിനിധി മഹാ അല്‍ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇന്ത്യയിലെത്തിയ ഡോ.അബ്ദുല്‍അസീസ് അല്‍മുസല്ലം ആഗസ്ത് 11-ന് ഗ്രെയിസിന് കീഴിലുള്ള കാലിക്കറ്റ്് സര്‍വ്വകലാശാലയിലെ സി എച്ഛ് മുഹമ്മദ് കോയ ചെയറിലെത്തി 400 വര്‍ഷങ്ങള്‍ പഴക്കമുള്ള മാപ്പിള- മുസ്ലിം പൈതൃക സംബന്ധിയായ രേഖകള്‍ പരിശോധിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.