ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്: ചെറുപ്പം മുതല്‍ മനസില്‍ തളിരിട്ട ആഗ്രഹം… പിന്നീടുള്ള ഓരോ ചുവടുവെപ്പും ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക്.. ഒടുവില്‍ ജെ.ഇ.ഇ ഓള്‍ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാംസ്ഥാനം നേടിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം. ഷാഫില്‍ മാഹീന്‍ വിജയത്തിന്റെ ആദ്യ പടി ചവിട്ടികയറിയത്. ഒ.ബി.സി വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഈ മിടുക്കനാണ്. കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫില്‍, ആകെയുള്ള 360 മാര്‍ക്കില്‍ 345 സ്‌കോര്‍ ചെയ്താണ് കേരളത്തിന്റെ അഭിമാനമായത്. ഐ.ഐ.ടികളിലും എന്‍.ഐ.ടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടാനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ ആദ്യ സ്ഥാനങ്ങളില്‍ അടുത്തകാലത്തൊന്നും കേരളത്തില്‍ നിന്നൊരൊവിദ്യാര്‍ത്ഥിയും യോഗ്യത നേടിയിട്ടില്ല. ഷാഫിലിന്റെ ഒന്നാം റാങ്കിന് ശേഷം കേരളത്തില്‍ അടുത്ത റാങ്ക് സ്ഥാനം 97യും 300മതുമാണെന്നാണ് നിലവിലെ വിവരം.
ജെ.ഇ.ഇ മെയിന്‍ പരീക്ഷക്ക് ശേഷമുള്ള അഡ്വാന്‍സ് പരീക്ഷ അടുത്തമാസം 21ന് നടക്കും. നിലവിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ചരിത്രനേട്ടമാണ് 17കാരനെ കാത്തിരിക്കുന്നത്.
കോഴിക്കോട് റെയ്‌സ് പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷാഫിലിന് കൂട്ട് എപ്പോഴും പുസ്തകങ്ങളാണ്. അറിയപ്പെടുന്ന മാത്തമറ്റീഷ്യനാകണമെന്നാണ് ആഗ്രഹം. രാവിലെ ആറുമുണിക്ക് എഴുന്നേറ്റ് പഠനം ആരംഭിക്കും. രാത്രി പതിനൊന്നുമണിവരെ തുടരും. പഠനത്തിന്റെ സമ്മര്‍ദ്ദം കുറക്കാന്‍ കമ്പൂട്ടര്‍ ഗെയിമാണ് ഏകവിനോദം. ചെറുപ്പംമുതല്‍ പഠിക്കാന്‍ മിടുക്കനായ ഷാഫിലിനെ പൂര്‍ണ പിന്തുണയുമായി പിതാവ് കെ.എ നാസിയും മാതാവ് എസ് ഷംജിതയും എപ്പോഴും കൂടെയുണ്ട്. തിരൂര്‍ സ്വദേശികളായ ഇവര്‍ മകന്റെ പഠനം മുന്നില്‍കണ്ട് മാവൂര്‍റോഡിനടുത്തുള്ള സൗഭാഗ്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയായിരുന്നു.
പൊതുവെ വിദ്യാര്‍ത്ഥികള്‍ അകറ്റിനിര്‍ത്താറുള്ള കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫിലിന് എത്രബുദ്ധിമുട്ടുള്ള ചോദ്യം നല്‍കിയാലും നിമിഷനേരംകൊണ്ട് അവ ചെയ്ത് തീര്‍ക്കുമെന്ന് സഹപഠികള്‍ പറയുന്നു. അധ്യാപകരെ എന്നും വിസ്മയിപ്പിക്കുന്ന ഈ വിദ്യാര്‍ത്ഥി ഇന്നലെ ഉച്ചയോടെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് എട്ടാം റാങ്കുണ്ടെന്നറിഞ്ഞിട്ടും അമിതാഹ്ലാദമില്ലാതെ സ്വതസിദ്ധമായ ചിരിയോടെയാണ് നേരിട്ടത്. ഒന്നാം റാങ്കാണ് ലക്ഷ്യമെന്നും പറഞ്ഞു. പത്താം ക്ലാസ് വരെ തിരൂര്‍ എം.ഇ.എസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് കോഴിക്കോട്ടേക്ക് മാറി. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് സയന്‍സില്‍ തുടര്‍പഠനം നടത്തണമെന്നാണ് ഷാഫിലിന്റെ ആഗ്രഹം.