ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ബറോസ(വിശ്വാസ) യാത്ര. 90 നിയോജക മണ്ഡലങ്ങളിലും ഒരേ സമയം നടക്കുന്ന പടുകൂറ്റന്‍ റാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും അണി നിരക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലും എം.എല്‍.എമാരും സ്വന്തം മണ്ഡലങ്ങളിലാണ് റാലിയില്‍ പങ്കെടുക്കുക. എം.പിമാരും മറ്റ് നേതാക്കളും സ്വന്തം വീട് ഉള്‍കൊള്ളുന്ന മണ്ഡലങ്ങളിലും. ബൈക്കുകളിലും കാറുകളിലുമായി നടക്കുന്ന റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഓരോ മണ്ഡലങ്ങളിലും അണി നിരക്കും. ചുരുങ്ങിയത് 25-30 കിലോമീറ്റര്‍ ദൂരമെങ്കിലും റാലി കടന്നു പോകും. റാലി സമാപിക്കുന്ന സ്ഥലങ്ങളില്‍ നുക്കാഡ് സഭ എന്ന പേരില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനമാണ് ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ബറോസ മീറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബറോസ റാലി ആസൂത്രണം ചെയ്തിരിക്കുന്നത്.