അതിരാവിലെ ഒരു പ്രഭാത നടത്തം നിങ്ങളെ ഊര്‍ജ്ജസ്വലനും ആരോഗ്യവാനുമാക്കുന്നു. ദിവസം മുഴുവന്‍ നിങ്ങള്‍ക്കുള്ള ഊര്‍ജ്ജം രാവിലെയുള്ള ലഘുവ്യായാമങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. വ്യായാമം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതും. രാവിലെ നടക്കാനോ ഓടാനോ വ്യായാമത്തിനോ പോകുന്നതിനുമുമ്പ് പലരും വെറുംവയറ്റില്‍ പോകുന്നവരുണ്ടാകാം.
നേരെ മറിച്ച് ധാരാളം ഭക്ഷണം കഴിച്ച് വ്യായാമത്തിന് ഇറങ്ങുന്നവരും ഉണ്ടാകാം. എന്നാല്‍ ഇവ രണ്ടും ഒരുപോലെ നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നവയാണ്. പ്രഭാത നടത്തത്തിനോ ഓട്ടത്തിനോ ഇറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണസാധനങ്ങള്‍ ഇതാ.
പാല്‍
രാവിലെ നടക്കാനോ ഓടാനോ പോകുന്നതിനുമുമ്പ് നിങ്ങള്‍ പാല്‍ ഒഴിവാക്കണം. സാധാരണയായി പാലുല്‍പ്പന്നങ്ങള്‍ ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പാലില്‍ ലാക്ടോസ് വളരെ കൂടുതലാണ്. പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര മലബന്ധം അല്ലെങ്കില്‍ വയറുവേദനയ്ക്ക് കാരണമാകുന്നു. അതിനാല്‍ അതിരാവിലെ പാല്‍ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ഊര്‍ജ്ജ നിലയെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.
ബ്രെഡ്
പ്രഭാത നടത്തത്തിന് പോകുന്നതിനുമുമ്പ് മിക്കവരും ഊര്‍ജ്ജത്തിനായി കഴിക്കാനിഷ്ടപ്പെടുന്നതാണ് ബ്രെഡ്. എന്നാല്‍, അതിരാവിലെ ഈ ഉയര്‍ന്ന ഫൈബര്‍ ഭക്ഷണം നിങ്ങള്‍ ഒഴിവാക്കണം. കാരണം ഇത് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മാത്രമല്ല, ഒരു സാന്‍ഡ്‌വിച്ച് അല്ലെങ്കില്‍ പ്ലെയിന്‍ ബ്രെഡ് കഴിച്ചതിനുശേഷം രാവിലെ വ്യായാമത്തിനിറങ്ങുന്നത് പലപ്പോഴും മലബന്ധം അല്ലെങ്കില്‍ ഓക്കാനം എന്നിവയ്ക്ക് വഴിവയ്ക്കുന്നു.
മസാലകള്‍
രാവിലെയുള്ള നടത്തത്തിനു മുമ്പായി മസാല ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത്തരം മസാലകള്‍ നെഞ്ചെരിച്ചിലിന് കാരണമാകും. അതിനാല്‍ രാവിലെ ഓടുന്നതിനോ നടക്കുന്നതിനോ മുമ്പ് ഒഴിവാക്കേണ്ടതാണ് മസാല ഭക്ഷണങ്ങള്‍.
എനര്‍ജി ഡ്രിങ്ക്‌സ്
മിക്ക എനര്‍ജി ഡ്രിങ്കുകളിലും കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയും കൊണ്ട് നിറഞ്ഞിരിക്കുന്നു. രാവിലെ നടത്തിനു മുമ്പ് ഇവ ഒഴിവാക്കണം. ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍, ശരീരവണ്ണം, ചില സന്ദര്‍ഭങ്ങളില്‍ ക്ഷീണം എന്നിവയ്ക്ക് എനര്‍ജി ഡ്രിങ്കുകള്‍ കാരണമായേക്കാം. പലരും ഇത്തരം പാനീയങ്ങള്‍ ദാഹം മാറ്റാനായി കുടിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവ നിങ്ങളില്‍ ജലാംശം നിലനിര്‍ത്തുന്നില്ല എന്നതാണ് സത്യം.
ഓറഞ്ച് ജ്യൂസ്
രാവിലെ നടക്കാനോ ഓടാനോ ഇറങ്ങുന്നതിനു മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍പെടുന്നതാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസില്‍ ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെത്തുമ്പോള്‍ രക്തത്തിലെ പഞ്ചസാര തകരാറിലാകാം. ഒഴിഞ്ഞ വയറുമായി പോകാന്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിനു പകരം ഓറഞ്ച് കഴിക്കുന്നതാണ് നല്ലത്.
പ്രോട്ടീന്‍ ഷെയ്ക്ക്
രാവിലെ നടത്തിനു മുമ്പായി ധാരാളം ആളുകള്‍ പ്രോട്ടീന്‍ ഷേക്ക് കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ആരോഗ്യകരമാണെന്ന് അവര്‍ പലപ്പോഴും കരുതുന്നു. എന്നാല്‍, ഈ പ്രോട്ടീന്‍ ഷെയ്ക്കുകളില്‍ ധാരാളം സംസ്‌കരിച്ച ചേരുവകള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, വയറുവേദന, ശരീരവണ്ണം എന്നിവയ്ക്ക് വഴിവയ്ക്കും.
കോഫി
അതിരാവിലെ നടത്തത്തിനു മുമ്പ് ചായയോ കോഫിയോ കുടിക്കുന്നത് ശരീരത്തിന് പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. സാധാരണയായി വയറുമായി ബന്ധപ്പെട്ട ധാരാളം പ്രശ്‌നങ്ങള്‍ക്ക് കഫീന്‍ വഴിവയ്ക്കുന്നു. അതിനാല്‍ രാവിലെ നടത്തത്തിനു മുമ്പ് ചായയോ കാപ്പിയോ ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം ഇത് മലബന്ധം അല്ലെങ്കില്‍ വയറിളക്കത്തിന് കാരണമായേക്കാം.
അനുയോജ്യമായ ഭക്ഷണങ്ങള്‍ ഇവ
അതിരാവിലെ നടക്കാനിറങ്ങുന്നതിനു മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞു. ഇനി നമുക്ക് എന്തൊക്കെ കഴിക്കാന്‍ കഴിക്കാന്‍ പറ്റുമെന്ന് അറിയണ്ടേ? ഇതാ ഈ ആഹാരസാധനങ്ങള്‍ നിങ്ങള്‍ക്ക് അതിരാവിലെ ഊര്‍ജ്ജം നല്‍കുന്നവയില്‍ ചിലതാണ്.
വാഴപ്പഴം
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള വാഴപ്പഴം നിങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നു. നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഓട്‌സ്
കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമായ ഓട്‌സ് ഊര്‍ജ്ജ നില സ്ഥിരതയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച ഭക്ഷണം
മുളപ്പിച്ച ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പ്രഭാത നടത്തം പതിവാക്കിയവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഈ ഭക്ഷണം സഹായിക്കുന്നു.
നട്‌സ്
ഊര്‍ജ്ജം ഉയര്‍ത്തുന്നതിനുള്ള മികച്ച ലഘുഭക്ഷണമാണ് നട്‌സ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ വളരെ പോഷകഗുണമുള്ളവയാണ് നട്‌സ്.