X

യുഎസില്‍ ബൈഡന്‍ പണി തുടങ്ങി; കോവിഡ് ടാസ്‌ക് ഫോഴ്‌സ് പുതുക്കിപ്പണിതു- തലപ്പത്ത് ഇന്ത്യയ്ക്കാരന്‍

വാഷിങ്ടണ്‍: യുഎസില്‍ കോവിഡിനെ നേരിടാനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഇന്ത്യന്‍ വംശജനായ സര്‍ജന്‍ ജനറല്‍ ഡോ വിവേക് മൂര്‍ത്തിയാണ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുക. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ കമ്മിഷണര്‍ ഡോ. ഡേവി കെസ്ലര്‍ സഹ മേധാവിയാകും. തിങ്കളാഴ്ച തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

കോവിഡിനെതിരെ പൊരുതി ജയിക്കണം എന്ന ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. അതു ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തിങ്കളാഴ്ച തന്നെ സമിതി നിലവില്‍ വരും. വിവേക് മൂര്‍ത്തി അടക്കം മൂന്ന് കോ ചെയറുകളാണ് സമിതിക്ക് ഉണ്ടാകുക- ബൈഡന്റെ തെരഞ്ഞെടുപ്പ് മാനേജര്‍ കെയ്റ്റ് ബെഡിങ്ഫീല്‍ഡ് പറഞ്ഞു.

2015ല്‍ ബറാക് ഒബാമ ഭരണത്തിന് കീഴില്‍ സേവനമനുഷ്ഠിച്ച മൂര്‍ത്തി രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 2017ല്‍ ഇദ്ദേഹത്തെ ട്രംപ് ഭരണകൂടം പിരിച്ചുവിടുകയായിരുന്നു.

കോവിഡ് മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയിലെ നിശിതമായി വിമര്‍ശിച്ച നേതാവാണ് ബൈഡന്‍. മാസ്‌ക് ധരിക്കാത്ത ട്രംപിന്റെ നടപടിയെയും മഹാമാരിയെ ലാഘവത്തോടെ കണ്ട ട്രംപിന്റെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. കോവിഡിനെ നിയന്ത്രിക്കുന്നത് ആദ്യ മുന്‍ഗണനയാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആഗോള തലത്തില്‍ തന്നെ കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാഷ്ട്രമാണ് യുഎസ്. ഇതുവരെ 99.67 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതില്‍ 2.37 ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങി എന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക്.

Test User: