X

ആള്‍ദൈവം ആസാറാമിന് ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം; പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതൃപ്തിയെന്ന്

ജയ്പൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ജഡ്ജിയെ സ്ഥലം മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജി മധുസൂദന്‍ ശര്‍മയെയാണ് സ്ഥലം മാറ്റിയത്. ജയ്പൂര്‍ നിയമകാര്യ വിഭാഗത്തിലെ നിയമ സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. കേന്ദ്ര സര്‍ക്കാരിന്റെ അതൃപ്തിയാണ് ജഡ്ജിയെ മാറ്റിയതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം സ്ഥലംമാറ്റത്തെ ന്യായീകരിക്കാന്‍ 14 ജുഡീഷ്യല്‍ അധികാരികളെയും സ്ഥലം മാറ്റിയിട്ടുണ്ട്. പീഡനക്കേസില്‍ ഇത്ര കടുത്ത ശിക്ഷ ആസാറാമിന് കിട്ടുമെന്ന് ബിജെപി സര്‍ക്കാരും കരുതിയിരുന്നില്ല. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ജഡ്ജിക്ക് ഉണ്ടായിരിക്കുന്ന സ്ഥാനചലനം. എന്നാല്‍ ആസാറാമിനെതിരെ വിധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജഡ്ജിക്കെതിരെ ആക്രമണം ഉണ്ടാകാമെന്നതിനാലാണ് ഈ നീക്കമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിനെ അത്തരത്തില്‍ കാണാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ജഡ്ജിയെ സ്ഥലം മാറ്റാന്‍ ആസാറാമിന്റെ അനുയായികള്‍ സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. അതേസമയം ആസാറാമിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ തീരുമാനമെടുക്കുന്നത് പുതിയ സംഭവവികാസത്തോടെ വൈകാന്‍ സാധ്യതയുണ്ട്.

chandrika: