ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ വ്യാപകമാവുന്നു. മലയാളി ഉദ്യോഗാര്‍ത്ഥികളെ മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളടക്കം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ബെംഗളൂരുവില്‍. പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സികളെന്ന് സോഷ്യല്‍ മീഡിയയില്‍ സ്വയം പരിചയപ്പെടത്തി മലയാളി യുവതികളടക്കം ചേര്‍ന്നാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.
കമ്പനിയെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ബയോഡാറ്റ അയക്കാനാണ് ആദ്യം ആവശ്യപ്പെടുക. ശേഷം ബെംഗളൂരുവിലെ ഓഫീസില്‍ നേരിട്ടെത്തി ജോലിയില്‍ പ്രവേശിക്കാമെന്ന് വാഗ്ദാനം ചെയ്യും. ബെംഗളൂരുലെത്തുന്നവരില്‍ നിന്ന് മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ ശേഷം വഞ്ചിക്കുകയാണ് പതിവ്. ചോദ്യം ചെയ്താല്‍ കൈയ്യൂക്ക് കാണിച്ച് നേരിടും.
കഴിഞ്ഞ ദിവസം കെ.റ്റു ഇന്‍സൈറ്റ് എന്ന പേരില്‍ ജെ.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഖാന്തരം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പത്തോളം യുവാക്കളാണ് ജോലി തേടിയെത്തിയത്. ബ്രിട്ടാനിയ, ടി.വി.എസ്, ബി.എം.ഡബ്ലു തുടങ്ങിയ പ്രമുഖ കമ്പനികളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബെംഗളൂരുവിലെത്തിയ യുവാക്കളില്‍ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി മൂവായിരം രൂപ വാങ്ങി. ശേഷം ഹൊസൂര്‍ റോഡിലുള്ള അത്തി ബെലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ വിലാസവും കൊടുത്തു വിട്ടു. അവിടെ എത്തിയാല്‍ കമ്പനിയുടെ ആള്‍ക്കാര്‍ വന്ന് സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ പറയപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ ജോലിയും കമ്പനിയും ഉണ്ടായിരുന്നില്ല. പകരം ഭാഷ അറിയാത്ത മലയാളി യുവാക്കളെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ഗുണ്ടകളാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ധാരാളം യുവാക്കള്‍ വിവിധ റിക്രൂട്ടിങ് കമ്പനികള്‍ മുഖാന്തരം ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. തിരിച്ചു നാട്ടിലേക്ക് പോയില്ലെങ്കില്‍ ശാരീരിക മര്‍ദ്ദനം നേരിടേണ്ടി വരുമെന്ന് ഭയപ്പെടുത്തി.
ബെംഗളൂരു എഐകെഎംസിസി സെക്രട്ടറി എം.കെ നൗഷാദും എഐകെഎംസിസി പ്രവര്‍ത്തകരായ ഗഫൂര്‍ ബനശങ്കരി, നാസര്‍ എമിറേറ്റ്‌സ്, ഹനീഫ് ബല്‍തങ്ങാടി എന്നിവരും ചേര്‍ന്ന് യുവാക്കളെ കമ്പനിയുടെ ജെ.പി നഗറിലുള്ള ഹെഡ് ഓഫീസിലേക്ക് അയച്ചു. തട്ടിപ്പിനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്. യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എഐകഎംസിസി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ കമ്പനി കൂട്ടാക്കിയില്ല. എന്നാല്‍ സമ്മര്‍ദ്ദം കടുത്തപ്പോള്‍ സെക്യൂരിറ്റി തുകയായി അടച്ച മൂവായിരം രൂപം തിരിച്ചു നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ അതിനു പുറമെ കേരളത്തില്‍ നിന്ന് യാത്ര ചെയ്ത് വന്നതിനടക്കം ചിലവായ തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു. സ്വരം കടുപ്പിച്ചപ്പോള്‍ കമ്പനിക്ക് വഴങ്ങേണ്ടി വന്നു. അവസാനം കമ്പനിയുടെ എച്ച്. ആര്‍ തന്നെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കി.