X
    Categories: gulfNews

പ്രവാസികള്‍ക്ക് ആശ്വാസമായി തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ്: ആദ്യരണ്ടുദിവസത്തിനകം 60,000 പേര്‍ പോളിസിയെടുത്തു

റസാഖ് ഒരുമനയൂര്‍

അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക താല്‍ക്കാലികാശ്വാസമായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍പ്രതികരണം. ആദ്യരണ്ടുദിവസം കൊണ്ട് 60,000 പേരാണ് പോളിസിയില്‍ ചേര്‍ന്നത്.

യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്‍കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്. പുതിയ പദ്ധതി വലിയ ആശ്വാസവും ആവേശവുമാണ് പ്രവാസികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്.

2023 ജനുവരി ഒന്നു മുതലാണ് പദ്ധതി പ്രബാല്യത്തില്‍ വന്നത്. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഉപയോഗപ്പെടുത്താനാവും.

ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും . രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കിയിരിക്കുന്നത് . ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത് . ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്‌ക്കേണ്ടത് .
രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ പ്രതിമാസം 10 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതാത് മാസമോ പ്രീമിയം അടയ്ക്കാന്‍ സൗകര്യമുണ്ട്.

പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം അടയ്‌ക്കേണ്ടതാണ്. തൊഴില്‍ സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ല. തൊഴിലാളികളുടെതല്ലാത്ത കാരണങ്ങളാല്‍ ജോലി നഷ്ടമായാല്‍ മൂന്നുമാസം വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന തരത്തിലാണ് ഇന്‍ഷുറന്‍സ് വിഭാവനം ചെയ്തിട്ടുള്ളത്.

തൊഴില്‍ നഷ്ടപ്പെട്ടാല്‍ ആദ്യവിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗം ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയുമാണ് ലഭിക്കുക. ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിച്ചു രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായി തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്തവര്‍ക്കുമാത്രമെ ആനുകൂല്യം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്താല്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

webdesk13: