ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇടത്തരം ചെറുകിട വ്യവസായ ശാലകള്‍ പിടിച്ചു നില്‍ക്കാനാവാതെ വിയര്‍ക്കുമ്പോള്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നത് ലക്ഷങ്ങള്‍ക്ക്. കഴിഞ്ഞ മാസം മാത്രം 34 ലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായതായാണ് കണക്ക്.സ്വകാര്യ ഗവേഷണ ഗ്രൂപ്പായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി ( സി.എം. ഐ.ഇ)യുടെ കണക്ക് അനുസരിച്ച് ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ ലോക്ക്ഡൗണും സാമ്പത്തിക മുരടിപ്പും തകര്‍ത്തതായി സി.എം.ഐ.ഇ മാനേജിങ് ഡയരക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധി കോവിഡ് കാരണം സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതില്‍ നിന്നും മോചിതരാകും മുമ്പേ കോവിഡിന്റെ രണ്ടാം തരംഗം എത്തിയത് വലിയ ആഘാതമായെന്നും അദ്ദേഹം പറഞ്ഞു. 2020 ഡിംസബര്‍ അവസാനത്തോടെ ഇന്ത്യയില്‍ സംഘടിത, അസംഘടിത മേഖലകളിലായി തൊഴിലുള്ള 38.77 കോടി പേരാണുള്ളത്. ജനുവരിയില്‍ ഇത് 40.07 കോടിയായി ഉയര്‍ന്നു. എന്നാല്‍ ഫെബ്രുവരിയില്‍ 39.821 കോടിയായും മാര്‍ച്ചില്‍ 39.814 കോടിയായും ഏപ്രിലില്‍ 39.07 കോടിയായും ഇത് കുറയുകയും ചെയ്തു. ഗ്രാമീണ മേഖലയില്‍ 28.40 ലക്ഷം പേര്‍ക്കും നഗര മേഖലയില്‍ 5.6 ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമായാതായാണ് കണക്ക്. ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം മാര്‍ച്ചില്‍ 4.6 കോടിയുണ്ടായിരുന്നത് ഏപ്രിലില്‍ 4.544 കോടിയായി കുറയുകയാണുണ്ടായത്. ഗ്രാമീണ മേഖലയിലാണ് ഏറ്റവും കുറവ് വന്നത്.
ഫെബ്രുവരിയില്‍ 3.324 കോടിയുണ്ടായിരുന്നത് മാര്‍ച്ചില്‍ 3.072 കോടിയായും ഏപ്രിലില്‍ 2.788 കോടിയായുമാണ് കുറഞ്ഞത്. കുറഞ്ഞ കാലയളവില്‍ ഇത്രയും തൊഴില്‍ നഷ്ടം വലിയ പ്രതിസന്ധിയാണ് കാണിക്കുന്നതെന്ന് തൊഴില്‍ സാമ്പത്തിക വിദഗ്ധനും റിട്ടയേര്‍ഡ് ജെ.എന്‍.യു പ്രൊഫസറുമായ സന്തോഷ് മല്‍ഹോത്ര പറയുന്നു. കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്ന 73.5 ലക്ഷം പേര്‍ക്ക് ഏപ്രിലില്‍ തൊഴില്‍ നഷ്ടമായിട്ടുണ്ടെങ്കിലും ഇതില്‍ ഏറെയും വിളവെടുപ്പിനെ തുടര്‍ന്നാണ്.
പലരും ജൂണില്‍ തൊഴില്‍ പുനരാരംഭിക്കുകയും ചെയ്യും മല്‍ഹോത്ര പറഞ്ഞു. അതേ സമയം 34 ലക്ഷം ശമ്പളം പറ്റുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായത് നിസാരമായി കാണാവുന്ന ഒന്നല്ല. പല ചെറുകിട, ഇടത്തരം വ്യവസായ ശാലകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മിക്കതും ഇനി തിരിച്ചുവരാന്‍ സാധ്യമല്ലാത്തവണ്ണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊരു പരിഹാരം സര്‍ക്കാര്‍ തലത്തില്‍ കാണേണ്ടതുണ്ട്. തൊഴില്‍ നഷ്ടമുണ്ടായെന്നും അതിന് പരിഹസിക്കാനാവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുകയും വേണം. കോവിഡാനന്തര ഉത്തേജക പാക്കേജായി ജി.ഡി.പിയുടെ 2.2 ശതമാനമാണ് 2020-21ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതേ സമയം ബ്രസീല്‍ പോലെയുള്ള രാജ്യങ്ങള്‍ ഇത് 12 ശതമാനത്തോളമാണ് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിന്റെ ആദ്യ തരംഗം 23 കോടി ഇന്ത്യക്കാരെയാണ് ദാരിദ്രത്തിലേക്ക് തള്ളി വിട്ടത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 10 കോടി പേരാണ് പുതുതായി തൊഴില്‍ രഹിതരായത്. പലരും ജൂണോടെ തൊഴിലിലേക്ക് തിരിച്ചു പോയെങ്കിലും 1.5 കോടി പേര്‍ക്ക് പിന്നീട് തൊഴില്‍ കണ്ടെത്താനായിരുന്നില്ല.