വാഷിങ്ടണ്‍: രാജ്യത്തെ ഒന്നിപ്പിച്ച് ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റ് ആയിരിക്കും താനെന്ന് നിയുക്ത പ്രസിഡന്റ് യുഎസ് ജോ ബൈഡന്‍. ‘ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാന്‍, നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കാണുന്നയാള്‍. രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും’- ജോ ബൈഡന്‍ പറഞ്ഞു.
ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ നന്ദിപറയുന്നു. വലിയ വിജയമാണ് നിങ്ങള്‍ സമ്മാനിച്ചത്. 74 മില്യണ്‍ വോട്ടിന്റെ വളരെ വ്യക്തമായ വിജയമാണത്. ട്രംപിന് വോട്ട് ചെയ്തവര്‍ക്കുള്ള നിരാശ എനിക്ക് മനസ്സിലാക്കാനാവും. ഞാനും രണ്ട് തവണ പരാജയപ്പെട്ടിരുന്നു. ഇത്തവണ നമുക്ക് പരസ്പരം അവസരം നല്‍കാം.
രാജ്യത്ത് നീതിയും മര്യാദയും നടപ്പാക്കാനായാണ് രാജ്യം ഞങ്ങളെ തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കുന്നു. ഇത് നടപ്പിലാക്കാന്‍ ഡെമോക്രോറ്റുകളേയും റിപ്പബ്ലിക്കന്മാരേയും തുടങ്ങി എല്ലാവരേയും ക്ഷണിക്കുന്നു.
ഈ രാത്രിയില്‍ ലോകം മുഴുവന്‍ അമേരിക്കയെ നിരീക്ഷിക്കുകയാണ്. അമേരിക്ക ലോകത്തിന് തന്നെ മാതൃകയാവും. ശക്തിയുടെ മാതൃകയായല്ല, നമ്മുടെ മാതൃക എത്രത്തോളം ശക്തമാണെന്നാണ് നാം കാണിക്കേണ്ടത്. നമുക്കൊന്നായി നിന്നുകൊണ്ട് ഏറ്റവും മികച്ചതാവാന്‍ പ്രയത്നിക്കാം.
റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍, ഡെമോക്രാറ്റുകള്‍, സ്വതന്ത്രര്‍, കണ്‍സര്‍വേറ്റീവുകള്‍, യുവാക്കള്‍, ഗ്രാമീണര്‍, സ്വവര്‍ഗാനുരാഗികള്‍, ഭിന്നലിംഗക്കാര്‍, വെള്ളക്കാര്‍, ലാറ്റിനോകള്‍, ഏഷ്യന്‍-അമേരിക്കനുകള്‍ എന്നുതുടങ്ങി ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വൈവിധ്യമായ സഖ്യത്തെയാണ് ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തിയത്. അതില്‍ തനിക്ക് അഭിമാനമുണ്ട്. ഇത് തന്നെയാണ് യഥാര്‍ഥത്തില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.