കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബ് അഹമദിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ജസ്റ്റിസ് ഫോര്‍ നജീബ് സ്റ്റാന്റ് ഫോര്‍ നജീബ് എന്ന പ്രമേയത്തില്‍ സ്റ്റുഡന്റ്‌സ്് ചെയിന്‍ സംഘടിപ്പിച്ചു.
എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങി അവശനിലയിലായി കാണാതായ നജീബിന്റെ തിരോധാന കേസ് അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം അലയടിച്ചു. വിവിധ കലാലയങ്ങളില്‍ നടന്ന പരിപാടിയില്‍ നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കണ്ണികളായി.
കോഴിക്കോട് ഫാറൂഖ് കോളജില്‍ നടന്ന സ്റ്റുഡന്‍സ് ചെയിന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി അധികൃതരും ഈ വിഷയത്തെ ഗൗരവപരമായി സമീപിക്കാത്തത് സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റുകള്‍ അധികാരത്തിലേറിയപ്പോള്‍ രാജ്യത്തെ ക്യാമ്പസുകളില്‍ സംഭവിക്കുന്ന മുസ്‌ലിം-ദളിത് പീഡനത്തിന്റെ ഒടുവിലത്തെ ഇരയാണ് നജീബ് അഹ്മദ്. ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കും ക്യാമ്പസുകളെ വര്‍ഗീയ കേന്ദ്രമാക്കുന്ന എ.ബി.വി.പി പോലെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുമെതിരെ ശക്തമായി ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കലാലയങ്ങളില്‍ നിന്നും ഉയര്‍ന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അനസ് ഉണ്ണികുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം, ക്യാമ്പസ് വിംഗ് കണ്‍വീനര്‍ കെ.എം ഫവാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് മുഖദാര്‍, അനീസ് തോട്ടുങ്ങല്‍, നസീഫ് ചെറുവണ്ണൂര്‍ സംസാരിച്ചു. പി.വി ഫഹീം സ്വാഗതവും മിന സി നന്ദിയും പറഞ്ഞു.