X

എ.ബി.വി.പിക്കാരുടെ മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥിയെ കാണാനില്ല

എ.ബി.വി.പിക്കാരുടെ ആക്രമണത്തിനിരയായ ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.എസ്‌സി ബയോടെക്‌നോളജി പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെയാണ് കാണാതായിരിക്കുന്നത്. മഹി മന്ദവി ഹോസ്റ്ററിലെ 106-ാം റൂമിലെ അന്തേവാസിയായ നജീബ് വെള്ളിയാഴ്ച എ.ബി.വി.പിക്കാരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പുറത്തുനിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ എ.ബി.വി.പിക്കാര്‍ ഹോസ്റ്റലില്‍ അഴിഞ്ഞാടുകയും നജീബിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

മെസ്സ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാന്‍ എ.ബി.വി.പിക്കാര്‍ ഹോസ്റ്റല്‍ റൂമുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. വോട്ടുതേടി റൂമിലെത്തിയ വിക്രാന്ത് എന്ന എ.ബി.വി.പിക്കാരനെ കൈയിലെ രാഖിയുടെ പേരില്‍ നജീബ് തല്ലി. ഇതേതുടര്‍ന്ന് കൂടുതല്‍ പേരുമായി തിരികെയെത്തിയ വിക്രാന്ത് പിന്നീട് നജീബിനെ ബാത്ത്‌റൂമില്‍ പൂട്ടിയിടുകയും പുറത്തിറങ്ങിയപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇടപെടാന്‍ ശ്രമിച്ചവര്‍ക്കും മര്‍ദനമേറ്റു. വാര്‍ഡന്‍ സുശീല്‍ കുമാര്‍ സംഭവത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് അക്രമികളെ സഹായിച്ചതാ ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ നജീബ് പിന്നീട് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഇതിനു ശേഷം ഇയാളെ കാണാതാവുകയായിരുന്നു. നജീബിന്റെ ചെരിപ്പും വസ്ത്രങ്ങളും മറ്റു സാമഗ്രികളും ഹോസ്റ്റലിലുണ്ട്.

സംഭവത്തില്‍ ജെ.എന്‍.യു പൊലീസില്‍ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അര്‍ധരാത്രി പ്രക്ഷോഭം നടത്തി. അതേസമയം, ഡൈനിങ് ടേബിളുകളിലും ചുമരുകളിലുമടക്കം യൂണിവേഴ്‌സിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. നജീബിന്റെ തിരോധാനത്തില്‍ പങ്കില്ലെന്നാണ് എ.ബി.വി.പിക്കാര്‍ പറയുന്നത്.

chandrika: