X

അയാള്‍ തനിക്കു നേരെ തോക്കു ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍മ്മ വന്നു: ഉമര്‍ഖാലിദ്

ന്യൂഡല്‍ഹി: അക്രമി തനിക്കു നേരെ തോക്കു ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍മ്മ വന്നെന്ന് നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായും വിദ്യാര്‍ത്ഥി നേതാവുമായ
ഉമര്‍ഖാലിദ്. വധശ്രമമുണ്ടായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമര്‍ഖാലിദ്.  ആള്‍ക്കൂട്ടക്കൊലപാതങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിച്ച് പുറത്തിറങ്ങിയപ്പോളായിരുന്നു ഖാലിദിനു നേരെ വധശ്രമം നടന്നത്.

അയാള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഞാന്‍ പേടിച്ചുപോയി. ആ സമയത്ത് ഗൗരി ലങ്കേഷിന് സംഭവിച്ചതാണ് ഓര്‍മ്മ വന്നത്. എനിക്കും അങ്ങനെ വരുമെന്ന് തോന്നി. അയാളെ കീഴ്പ്പെടുത്തി ജീവന്‍ രക്ഷിച്ചതിന് എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി. കഴിഞ്ഞ രണ്ടു വര്‍ഷമായി ചില മാധ്യമങ്ങളും ഭരണകൂടത്തിന്റെ ട്രോള്‍ സൈന്യങ്ങളും ചേര്‍ന്ന് വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും സര്‍ക്കാറിനെയോ അതിന്റെ നയങ്ങളെയോ എതിര്‍ക്കുകയാണെങ്കില്‍ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്.വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സമയത്ത് തന്നെ കൊലപാതക ശ്രമമുണ്ടായത് വിരോധാഭാസമാണെന്നും പക്ഷെ ആക്രമണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നും ഉമര്‍ഖാലിദ് പ്രതികരിച്ചു.

ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് സമീപത്ത് വെച്ചാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉമര്‍ഖാലിദിന് നേരെ വെടിവെയ്പുണ്ടായത്. ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ‘റ്റുവേര്‍ഡ്സ് എ ഫ്രീഡം വിത്തൗട്ട് ഫിയര്‍’ എന്ന പരിപാടിയില്‍ സംസാരിച്ച് പുറത്തിറങ്ങിയതായിരുന്നു ഖാലിദ്. അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റിനു ഏതാനും മീറ്റര്‍ അകലെയായാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ സ്ഥിതി ചെയ്യുന്നത്.

2016 ഫെബ്രുവരി 9 ന് സര്‍വകലാശാല ക്യാംപസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. ജെ.എന്‍.യുവില്‍ നടന്ന സമരങ്ങളുടെ പേരില്‍ പലകുറി വേട്ടയാടപ്പെട്ട ആളാണ് ഉമര്‍ ഖാലിദ്. വിദ്യാര്‍ത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ അംഗവുമായിരുന്ന ഉമറിനെ തീവ്രവാദിയെന്ന് ആരോപിച്ച് പൊലീസ് ജയിലില്‍ അടച്ചിരുന്നു.

chandrika: