ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ കള്ളക്കഥ മെനഞ്ഞ് സംഘപരിവാര്‍. കനയ്യകുമാര്‍ പതിനൊന്ന് തവണ പരീക്ഷയില്‍ തോറ്റുവെന്നാണ് സംഘപരിവാറിന്റെ പുതിയ ‘കണ്ടെത്തല്‍’.
സംഘപരിവാര്‍ ട്വിറ്റര്‍ അക്കൗണ്ടായ ശംഖ്‌നാദില്‍ നിന്നാണ് കനയ്യ പരീക്ഷകളില്‍ തോറ്റുവെന്ന തരത്തില്‍ ട്വീറ്റ് ചെയ്യപ്പെട്ടത്. ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഐ സപ്പോര്‍ട്ട് അജിത് ഡോവല്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 9000ലധികം തവണയാണ് ഈ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തത്. എന്നാല്‍ പിഎച്ച്ഡിക്ക് പരീക്ഷകളില്ല. തീസിസ് സമര്‍പ്പിക്കല്‍ മാത്രമാണ് ഉള്ളത്. അതുപോലും മനസ്സിലാക്കാതെയാണ് സംഘപരിവാര്‍ സംഘടിത നുണ പ്രചാരണം നടത്തുന്നതെന്ന് ഇതിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തുവന്നു.
പ്രചാരണങ്ങള്‍ തെറ്റാണെന്നും പിഎച്ച്ഡിക്ക് പരീക്ഷയില്ലെന്നും താന്‍ അവസാന വര്‍ഷ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണെന്നും കനയ്യകുമാര്‍ പ്രതികരിച്ചു. തന്റെ തീസിസ് അവാസനവട്ട മിനുക്ക് പണികളിലാണെന്നും ജൂലൈ 21ന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്‍ സൗത്ത് ആഫ്രിക്ക എന്ന വിഷയത്തിലാണ് തന്റെ തീസിസ്.
ഏഴു വര്‍ഷത്തെ പഠനത്തിന് 2011ലാണ് ജെ.എന്‍.യുവില്‍ പ്രവേശനം നേടുന്നത്. 2013ലാണ് പിഎച്ച്ഡി ആരംഭിക്കുന്നത്. 11 വര്‍ഷം ഒരിക്കലും ജെ.എന്‍.യു.വില്‍ പഠിച്ചിട്ടില്ല. ഇത് തന്റെ ഏഴാമത്തെയും അവസാനത്തെയും വര്‍ഷമാണ്.
വിവേകമുള്ള ആളുകള്‍ക്ക് അറിയാം. പിഎച്ച്ഡിക്ക് ഒരു സര്‍വകലാശാലയിലും പരീക്ഷയില്ലെന്നും കനയ്യ കുമാര്‍ പ്രതികരിച്ചു.