X
    Categories: Video Stories

മികച്ച യൂണിവേഴ്‌സിറ്റിക്കുള്ള വിസിറ്റേഴ്‌സ് പുരസ്‌കാരം ഡല്‍ഹി ജെ.എന്‍.യുവിന്

രാജ്യത്തെ മികച്ച സര്‍വകലാശാലക്കുള്ള വിസിറ്റേഴ്‌സ് പുരസ്‌കാരം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക്. നവീന ആശയങ്ങളിലും ഗവേഷണത്തിലും പുലര്‍ത്തുന്ന മികവാണ് ജെ.എന്‍.യുവിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. രാഷ്ട്രപതി ഭവനില്‍ മാര്‍ച്ച് ആറിന് നടക്കുന്ന ചടങ്ങില്‍ ജെ.എന്‍.യു വൈസ് ചാന്‍സ്ലര്‍ ജഗദീഷ് കുമാര്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടക്കമുള്ള പുരസ്‌കാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങും.

ഒരു വര്‍ഷത്തിലേറെയായി വിവാദങ്ങളുടെ വിളനിലമാണെങ്കിലും അക്കാദമിക രംഗത്തെ നിലവാരം കാത്തുസൂക്ഷിക്കുന്നതിനുള്ള അംഗീകാരമാണ് ജെ.എന്‍.യുവിന് ലഭിച്ചിരിക്കുന്നത്. രാജ്യദ്രോഹമാരോപിച്ച് ജെ.എന്‍.യുവിലെ മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത് രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. അന്തര്‍ദേശീയ അക്കാദമിക മേഖലയില്‍ ജെ.എന്‍.യുവിന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതായി ആരോപണമുണ്ട്. മൂന്നു മാസം മുമ്പ് എ.ബി.വി.പിക്കാരുടെ മര്‍ദനമേറ്റ അഹ്മദ് നജീബ് എന്ന വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ജെ.എന്‍.യുവില്‍ എം.ഫില്‍, പി.എച്ച്ഡി കോഴ്‌സുകളില്‍ സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതും യൂണിവേഴ്‌സിറ്റിയുടെ ഭരണതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അമിതമായി ഇടപെടുന്നതും വിമര്‍ശന വിധേയമാകുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: