ഡല്‍ഹി ജെ.എന്‍.യുവില്‍ ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ, അക്രമം കാണിച്ചാല്‍ ടി.സി നല്‍കി പുറത്താക്കും. ഇതിനായി 10 പേജുള്ള ഉത്തരവ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കി. വലിയ പ്രതിഷേധങ്ങള്‍ ഉയരുന്ന കാമ്പസായതിനാല്‍ അതിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതേസമയം വിദ്യാര്‍ത്ഥിസംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. എല്ലാ സംഘടനകളെയും ബാധിക്കുമെന്നതിനാല്‍ പ്രതിഷേധക്കാരില്‍ ബി.ജെ.പിയുടെ പോഷകസംഘടനയുമുണ്ട്.
17 തരം സമരങ്ങളെയാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ധര്‍ണക്കും സത്യഗ്രഹത്തിനും 20,000വും ഘെരാവോക്കും മറ്റും 30,000 വുമാണ് പിഴ. അക്രമം നടത്തിയെന്ന് തെളിഞ്ഞാല്‍ പുറത്താക്കും. ദക്ഷിണേന്ത്യയിലെയും പ്രതിപക്ഷാനുകൂല സംഘടനകളിലെയും വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി പോലുള്ള സംഘടനകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടാറുണ്ട്. അതിനെതിരെ പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കാന്‍ പോകുന്നത്. തെരഞ്ഞുപിടിച്ച് പുറത്താക്കാനും ഇതിടയാക്കും.