X

ജെ.എന്‍.യു യൂണിയന്‍ തെരഞ്ഞെടുപ്പ്; നിലംപതിച്ച് എ.ബി.വി.പി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെ.എന്‍.യു) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാല് സുപ്രധാന സീറ്റുകളിലും ഇടത് അനുകൂല കൂട്ടായ്മക്ക് വിജയം. യുണൈറ്റഡ് ലെഫ്റ്റ് അലയന്‍സ് എന്ന പേരില്‍ ഐസ, ഡി.എസ്.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ ലളിത് പാണ്ഡെയെ പരാജയപ്പെടുത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയിലെ എന്‍ സായ് ബാലാജി തെരഞ്ഞെടുക്കപ്പെട്ടു. 1179നെതിരെ 2,161 വോട്ടുകള്‍ക്കാണ് ബാലാജിയുടെ വിജയം. എ.ബി.വി.പിയുടെ ഗീതശ്രീ ബോറയെ തോല്‍പ്പിച്ച് ഡി.എസ്.എഫിലെ സരിക ചൗധരി വൈസ് പ്രസിഡണ്ടായും എ.ബി.വി.പിയുടെ ഗണേഷ് ഗുര്‍ജാറിനെ വീഴ്ത്തി എസ്.എഫ്.ഐയുടെ അജാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 1012ഉം 1123ഉം വോട്ടുകള്‍ക്കാണ് ഇരുവരുടേയും വിജയം. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി വിദ്യാര്‍ത്ഥിയായ അമുതയാണ്. എ.ബി.വി.പിയുടെ വെങ്കട്ട് ചൗബേയെ 800 വോട്ടിനാണ് അമുത പരാജയപ്പെടുത്തിയത്.

എ.ബി.വി.പി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ റൂമിലേക്ക് ഇരച്ചു കയറുകയും പോളിങ് സാമഗ്രികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെതുടര്‍ന്ന് 15 മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു എ.ബി.വി.പി നീക്കം. വൈകീട്ട് 6.30നാണ് ഇതേതുടര്‍ന്ന് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നിലപാടുകള്‍ക്കെതിരായ ഡല്‍ഹിയിലെ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദു എന്ന നിലയിലാണ് ജെ.എന്‍.യു ശ്രദ്ധയാകര്‍ഷിക്കുന്നത്.

chandrika: