ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ജെ.എന്‍.യു പിഎച്ച്ഡി വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്‍ ജീവാനന്ദത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടുന്നതിനായി അഞ്ച് വ്യവസ്ഥകളാണ് ബന്ധുക്കള്‍ മുന്നോട്ടുവെച്ചത്.
മരണത്തപ്പറ്റി സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിടുക, പട്ടികജാതി – പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം കേസെടുക്കുക, പോര്‍ട്ട്‌മോര്‍ട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടറുടെ സാന്നിധ്യം ഉണ്ടായിരിക്കുക, പോര്‍ട്ട്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് വ്യവസ്ഥകള്‍.
പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്താം എന്ന വ്യവസ്ഥ ഡല്‍ഹി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ദളിത്, ഒ.ബി.സി ഡോക്ടര്‍മാര്‍ അടങ്ങുന്ന പാനലിനെ നിശ്ചയിക്കാമെന്ന് മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃതര്‍ പിതാവ് ജീവാനന്ദത്തിന് ഉറപ്പു നല്‍കി. എന്നാല്‍, തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കും വരെ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുവദിക്കില്ല എന്നാണ് ബന്ധുക്കളുടെ നിലപാട്.