ശ്രീനഗർ: സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പാക് ഇന്റലിജൻസ് വൃത്തങ്ങൾക്ക് ചോർത്തിക്കൊടുത്ത ജമ്മു കശ്മീരിലെ സീനിയർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫോൺ വഴി പാകിസ്താനിലേക്ക് തുടർച്ചയായി സംസാരിച്ചതായി കണ്ടെത്തിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തൻവീർ അഹമ്മദിനെയാണ് ഡി.ജി.പി രാജേന്ദ്ര കുമാർ സസ്‌പെൻഡ് ചെയ്തത്. അബദ്ധത്തിലാണ് തൻവീർ വിവരങ്ങൾ കൈമാറിയതെന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിക്കപ്പുറത്തു നിന്നുള്ള ഫോൺ കോളുകളോട് പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിക്കുന്ന വിവരം ജമ്മു കാശ്മീർ ആഭ്യന്തര മന്ത്രാലയമാണ് ഡി ജി പിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി തന്നെ ഫോണിൽ വിളിച്ചവരോടാണ് സംസാരിച്ചതെന്നും വിവിധ സ്ഥലങ്ങളിലെ സുരക്ഷാ വിന്യാസത്തെ പറ്റി ഫോണിൽ ചർച്ച ചെയ്‌തെന്നും തൻവീർ പറഞ്ഞു. വിവരങ്ങൾ കൈമാറും മുൻപ് മേൽ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങിയിരുന്നെന്നും ഇയാൾ അവകാശപ്പെട്ടു.