X

കശ്മീരില്‍ നേട്ടമുണ്ടാക്കി നാഷണല്‍ കോണ്‍ഫറന്‍സ്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തില്‍ മുതലെടുപ്പ് നടത്തിയത് ബി.ജെ.പി. സംസ്ഥാനത്ത് ആകെയുള്ള ആറ് ലോക്‌സഭാ സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പി നേടി. 2014ല്‍ കൈവശപ്പെടുത്തിയ മൂന്ന് സീറ്റുകള്‍ അനായാസം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചു.
ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ബാക്കി മൂന്ന് സീറ്റുകളില്‍ വിജയിച്ചു. മെഹ്ബൂബ മുഫ്തി നയിക്കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി. ഡി.പി) ചിത്രത്തില്‍നിന്ന് തുടച്ചുനീക്കപ്പെടുകയും ചെയ്തു. 2014ല്‍ പി.ഡി.പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.
അനന്തനാഗ് സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ ആ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. കശ്മീരില്‍ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്‌സിറ്റ് പോള്‍ പ്രവചനം ശരിവെക്കുന്നതാണ് കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എക്ക് രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെയാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ പറഞ്ഞിരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സും എക്‌സിറ്റ് പോള്‍ പ്രവചിച്ച മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി രണ്ട് സീറ്റുകളില്‍ വന്‍ ഭൂരിപക്ഷം നേടി. ഒരു സീറ്റില്‍ നേരിയ ഭൂരിപക്ഷമാണ് ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല ശ്രീനഗര്‍ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്രത്തിലെ പുതിയ സര്‍ക്കാര്‍ കശ്മീരിനോട് നീതി കാണിക്കുമെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നും തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 83കാരനായ നാലാം തവണയാണ് ലോക്‌സഭയിലേക്ക് ഫാറൂഖ് അബ്ദുല്ല തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് തവണ കശ്മീര്‍ മുഖ്യമന്ത്രിയായിട്ടുള്ള അദ്ദേഹം ഒരിക്കല്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. 1980ല്‍ പരാജയം നേരിടുമ്പോള്‍ അദ്ദേഹത്തിന് 42 വയസുണ്ടായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പിയും പി.ഡി.പിയും ഒന്നിച്ചാണ് നേരിട്ടിരുന്നത്. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉധംപൂര്‍, ലഡാക്, ജമ്മു സീറ്റുകളില്‍ വിജയിച്ചപ്പോള്‍ പി.ഡി.പി അനന്തനാഗ്, ബാരാമുള്ള, ശ്രീനഗര്‍ സീറ്റുകളില്‍ നേട്ടം കൊയ്്തു.
കശ്മീരിപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. പി.ഡി.പി-ബി.ജെ.പി സഖ്യസര്‍ക്കാര്‍ തകര്‍ന്നതിന് ശേഷമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. നിയമസഭയില്‍ 25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ താഴെ വീണത്.

chandrika: