ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. മൂന്നു ജാവാന്മാർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടു മണിക്കാണ് ക്യാമ്പിനു നേരെ ആക്രമണം നടന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ക്യാമ്പിനു നേരെ ഗ്രാനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അടുത്തുള്ള സൈനിക ക്യാമ്പുകളിലും സമീപത്തും ഭീകരാക്രമണങ്ങൾക്ക് ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2017 ഓഗസ്റ്റിൽ പുൽവാമയിലെ സിആർപിഎഫിന്റെ സൈനിക ക്യാമ്പിനു നേരെ സമാനമായ ഭീകരാക്രമണമുണ്ടായിരുന്നു. അന്ന് 8 ജവാന്മാർ വീരമൃത്യൂ വരിച്ചിരുന്നു. 12 മണിക്കൂറോളം നീണ്ടു നിന്ന ആക്രമണത്തിനൊടുവിൽ 3 ഭീകരരെ സൈന്യം വകവരുത്തുകയും ചെയ്തിരുന്നു. കൂടാതെ പുൽവാമയിലെ സൈനിക ക്യാമ്പിൽ ഭീകരാക്രമണം ഉണ്ടായ രണ്ടു മാസങ്ങൾക്ക് ശേഷം ശ്രീനഗറിലെ ബിഎസ്എഫ് സൈനിക ക്യാമ്പിലേയ്ക്ക് ആയുധവുമായ പോയ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. 10 മണിക്കൂറോളം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.