റിയാദ്: ജിസാനില്‍ ഇന്ത്യന്‍ എംബസിയുടെ ഔട്ട് സോഴ്‌സ് കേന്ദ്രമായ വി എഫ് എസ് ഗ്ലോബല്‍ ശാഖ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ്. ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടും ഇന്ത്യന്‍ എംബസി സോഷ്യല്‍ വെല്‍ഫയര്‍ അംഗവുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലുള്ള കെഎംസിസി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ വിഷയം പഠിച്ച് വേണ്ടത് ചെയ്യാമെന്ന് അറിയിച്ചത് .
പാസ്സ്‌പോര്‍ട്ട് സംബന്ധമായ വിഷയങ്ങളില്‍ ജിസാനിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യക്കാര്‍ കാലങ്ങളായി നേരിടുന്ന പ്രതിസന്ധിക്കുള്ള ഏക പരിഹാരം വി എഫ് എസ് ഓഫീസ് സ്ഥാപിക്കലാണെന്ന് കെഎംസിസി നേതാക്കള്‍ അംബാസഡറെ ഉണര്‍ത്തി . അംബാസഡറായി ചുമതലയേറ്റ ശേഷം ആദ്യമായി ജിസാന്‍ സന്ദര്‍ശിക്കാനുള്ള ജിസാനിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടിയുള്ള ക്ഷണം അംബാസഡര്‍ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഘട്ടം പിന്നിട്ടാല്‍ ജിസാനിലെത്തുമെന്ന് അംബാസഡര്‍ കെഎംസിസി സംഘത്തിന് ഉറപ്പ് നല്‍കി.
എംബസിയില്‍ റെജിസ്റ്റര്‍ ചെയ്ത ജിസാനിലയും സമീപ പ്രവിശ്യകളിലെയും ഇഖാമ കാലാവധി തീര്‍ന്നവരെയും ഹുറൂബില്‍ പെട്ടവരെയും നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സംഘം അംബാസഡറോട് ആവശ്യപ്പെട്ടു. കോവിഡ് മൂലം തടസ്സപ്പെട്ട ജിസാനിലേ ജയിലുകളിലെ കോണ്‍സുലേറ്റ് സന്ദര്‍ശനം പുനരാരംഭിക്കണമെന്നും ശിക്ഷാ കാലാവധി കഴിഞ്ഞവരെ ജയില്‍ മോചിതരാക്കി നാട്ടിലെത്തിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു . ജിസാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിഷയങ്ങളില്‍ എംബസി സോഷ്യല്‍ വെല്‍ഫയര്‍ അംഗങ്ങളുടെയും കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളെ അംബാസഡര്‍ പ്രശംസിച്ചു. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം കോണ്‍സുലര്‍ ഡി ബി ഭാട്ടിയ. ജിസാന്‍ കെഎംസിസി നേതാക്കളായ ഖാലിദ് പാട്ട്‌ല , നജീബ് പാണക്കാട് , റിയാദ് കെഎംസിസി സെക്രട്ടറി മുജീബ് ഉപ്പട എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു .