X

ജിഷ്ണുവിന്റെ സഹോദരിയെ അറസ്റ്റു ചെയ്യും; തടയുമെന്ന് നാട്ടുകാര്‍; സമരത്തില്‍ ഉറച്ച് മഹിജയും

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുക്കളേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാദാപുരത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റു ചെയ്തു ആസ്പത്രിയിലേക്ക് മാറ്റും. നിരാഹാരം മൂന്നാംദിവസത്തിലേക്ക് കടന്നപ്പോള്‍ അവിഷ്ണയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പോലീസ് അറസ്്റ്റുചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ അവിഷ്ണയെ ആസ്പത്രിയിലേക്ക് മാറ്റുന്നതിന് നാട്ടുകാര്‍ എതിര്‍പ്പിലാണ്. നാദാപുരത്തെ വീട്ടിലേക്ക് നാട്ടുകാരുടെ പ്രവാഹമാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരും നിരാഹാരത്തിലാണ്.

നാദാപുരം ഡി.വൈ.എസ്.പി ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ അനുനയിപ്പിച്ച് ആസ്പത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. മെഡിക്കല്‍ സംഘവും നാദാപുരം ആര്‍.ഡി.ഒയും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും തങ്ങള്‍ മരണം വരെ സമരം തുടരുമെന്നാണ് നിലപാടെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് കോഴിക്കോട് കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിരാഹാരം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും അറിയിച്ചു. ചര്‍ച്ചയുമായി സഹകരിക്കും. എന്നാല്‍ പോലീസുകാരെ അറസ്റ്റു ചെയ്തതിന് ശേഷമേ സഹകരിക്കൂവെന്നും മഹിജ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മഹിജയും അമ്മാവന്‍ ശ്രീജിത്തിനുമൊപ്പം ആസ്പത്രി പരിസരത്ത് ജിഷ്ണുവിന്റെ അച്ഛനും ബന്ധുക്കളും നിരാഹാരം തുടരുകയാണ്.

chandrika: