തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണിത്. മരണത്തെതുടര്‍ന്ന് സംസ്ഥാനത്തെ നെഹ്‌റു ഗ്രൂപ്പിന്റെ കോളേജുകള്‍ക്കെതിരെ നടന്ന മാര്‍ച്ചുകളില്‍ വ്യാപകമായി അക്രമം അരങ്ങേറിയിരുന്നു.
ഇന്ന് കൊച്ചിയിലെ അസോസിയേഷന്‍ ഓഫീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം പാമ്പാടി നെഹ്‌റു കോളേജും വിദ്യാര്‍ത്ഥി സംഘടകള്‍ തല്ലിത്തകര്‍ത്തു. ഈ സാഹചര്യത്തിലാണ് കോളേജുകള്‍ അടച്ചിടാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, സ്വാശ്രയ കോളേജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനമായി. സാങ്കേതിക സര്‍വ്വകലാശാലയുടേതാണ് തീരുമാനം. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ആളെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്. സര്‍വ്വകലാശാല പ്രതിനിധികള്‍ കോളേജുകള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുകയും ചെയ്യും.