ന്യൂഡല്‍ഹി: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്‍ശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാതെ സി.ബി.ഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്‍ശിക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികളായ കൃഷ്ണദാസിന്റേയും ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെങ്കില്‍ സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്‍ സി.ബി.ഐ ഉടന്‍ ഏറ്റെടുക്കേണ്ടതാണെന്നും കോടതി പറഞ്ഞു. കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പ്രതികരിച്ചു. കോടതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അമ്മ മഹിജയും പ്രതികരിച്ചു. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും ആളുകള്‍ക്കും മഹിജ നന്ദി അറിയിച്ചു.
നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിനെ ജനുവരി ആറിനാണ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ വിവാദം സൃഷ്ടിച്ചിരുന്നു ജിഷ്ണുവിന്റെ മരണം.