X

ഒടുവില്‍ തീരുമാനം; ജിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നടത്തിയ പ്രതികരണം തീര്‍ത്തും വൈകാരികമാണെന്നും അത് കണക്കിലെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്തുവന്നിരുന്നു. മൂന്നു തവണ കത്തയിച്ചിട്ടും പിണറായി ഒരിക്കല്‍ പോലും മറുപടി നല്‍കിയില്ലെന്നും മഹിജ കുറ്റപ്പെടുത്തിയിരുന്നു. ജിഷ്ണുവിന്റെ മാതാവ് അയച്ച കത്ത് കണ്ടുവെന്നും ഔദ്യോഗിക തിരക്കുകള്‍ കാരണം വീട് സന്ദര്‍ശിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ സമീപത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ സന്നദ്ധത കാണിക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. താന്‍ സന്ദര്‍ശിക്കേണ്ട കാര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിലും മറ്റും ഇത് വന്‍ ചര്‍ച്ചാവിഷയമായി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ജിഷ്ണുവിന്റെ വീട്ടിലെത്തിയെങ്കിലും പിണറായി എത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

chandrika: