X

ജിഷ്ണുവിനെതിരായ കോപ്പിയടി ആരോപണം: ഗൂഢാലോചന നടന്നെന്ന് പൊലീസ്

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പാമ്പാടി നെഹ്‌റു കോളേജിലേക്ക് നടത്തിയ മാര്‍ച്ച്

തൃശൂര്‍: നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി. തൃശൂര്‍ കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പ്രിന്‍സിപ്പല്‍ എസ് വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി.പി പ്രവീണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവരാണ് മറ്റു പ്രതികള്‍. അതേസമയം വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. ഇവരെ ഇന്നലെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഈ വിവരത്തെത്തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നാണ് വിവരം.

ഇവര്‍ക്കായി തമിഴ്‌നാട്ടിലുള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്. നേരത്തെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുമാറ്റി ആത്മഹത്യാ പ്രേരണാ കുറ്റം ചേര്‍ത്ത് ക്രിമിനല്‍ കേസാക്കി മാറ്റിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. അതേസമയം പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട

കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണിന് വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുപുഴ പൊലീസ് കേസെടുത്തു. ഫോണ്‍ വഴിയാണ് വധഭീഷണിയും അസഭ്യപ്രയോഗവും ഉണ്ടായത്. മൊബൈല്‍ ഫോണിലേയ്ക്ക് വിളിച്ചയാളുടെ നമ്പര്‍ സഹിതം എം.എസ്.പി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

അതേസമയം പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ വീടിനുമുമ്പില്‍ ഇന്നുമുതല്‍ സത്യാഗ്രഹമിരിക്കുമെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനമായെങ്കിലും ലോ അക്കാദമിയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ സമരമുഖത്തിന് തിങ്കളാഴ്ച പാമ്പാടിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. കോളജ് കവാടത്തില്‍ അനിശ്ചിതകാല ഉപവാസത്തിനായി സമരപന്തല്‍ ഉയര്‍ന്നുകഴിഞ്ഞു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ വീടിനുമുമ്പില്‍ ഇന്നുമുതല്‍ ജിഷ്ണുവിന്റെ മാതാപിതാക്കളും സമരം ആരംഭിക്കുന്നതോടെ മറ്റൊരു ഉജ്ജ്വല വിദ്യാര്‍ത്ഥി സമരത്തിന് കേരളം വേദിയായേക്കും.

chandrika: