തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദൂരുഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്താനെത്തിയ മാതാപിതാക്കള്‍ക്കു നേരെ പൊലീസിന്റെ തെരുവുയുദ്ധം. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി വലിച്ചിഴച്ച് സംഭവസ്ഥലത്തു നിന്ന് പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഡിജിപി ഓഫീസിനുമുന്നില്‍ സമരം നടത്തുകയാണെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരത്തിനായി ഡിജിപി ഓഫീസിനു മുന്നിലെത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും സിഐയുടെയും എസ്‌ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ടു പോകാന്‍ ഉറച്ച കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.