X

ആഢംബര ജീവിതമെന്ന പ്രചാരണത്തോട് പ്രതികരണവുമായി ജിഷയുടെ അമ്മ

ആഢംബര ജീവിതമെന്ന പ്രചാരണത്തോട് പ്രതികരണവുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. ജിഷയുടെ മരണശേഷം സഹായമായി ലഭിച്ച തുകകൊണ്ട് രാജേശ്വരിയും സഹോദരിയും ആഢംബരജീവിതമാണ് നയിക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് രാജേശ്വരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജേശ്വരിയുടെ പ്രതികരണം.

ജിഷയുടെ മരണശേഷം പണിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. എപ്പോഴും രണ്ടുപോലീസുകാര്‍ വീടിന് കാവലുണ്ടായിരുന്നു. അവരായിരുന്നു ഭക്ഷണം എത്തിച്ചിരുന്നത്. ഇതുകൊണ്ടായിരിക്കും തനിക്ക് രൂപമാറ്റം സംഭവിച്ചതെന്ന് രാജേശ്വരി പറഞ്ഞു. എന്റെ മകളെ ക്രൂരമായാണ് കൊന്നത്. ഏതെങ്കിലും അമ്മക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? മകള്‍ നഷ്ടപ്പെട്ട അമ്മക്ക് എങ്ങനെ രാത്രി ഉറങ്ങാന്‍ കഴിയുമെന്നും രാജേശ്വരി ചോദിച്ചു. ജിഷയുടെ മരണത്തിന് ശേഷം വീടും സ്ഥലവുമെല്ലാം പോലീസ് പൂട്ടിയിരിക്കുകയായിരുന്നു. അത്യാവശ്യം ഉപയോഗിക്കാനുള്ള സാധനങ്ങള്‍ മാത്രമാണ് വാങ്ങിയിട്ടുള്ളത്. കുറച്ചു സാരിയും മറ്റും. 500രൂപയില്‍ കൂടുതലുള്ള വസ്ത്രങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു.

ജിഷയുടെ മരണത്തിന് ശേഷം അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് സഹായമായുള്ള പണം എത്തിയത്. ഔദ്യോഗിക അനുമതിയില്ലാതെ തനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. പണമിടപാട് നടത്തുന്നതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ട്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ താന്‍ നടത്തുന്നതെന്നും ആസ്പത്രിയില്‍ കിടന്നതിനും മറ്റുമൊക്കെയായി പണം ചിലവുവന്നിട്ടുണ്ടെന്നും പണത്തിന്റെ വില തനിക്ക് നന്നായി അറിയാമെന്നും രാജേശ്വരി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ജിഷയുടെ അമ്മ ആഢംബരജീവിതമാണ് നയിക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. ജിഷകേസിലെ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴാണ് രാജേശ്വരിയുടെ രൂപമാറ്റം ചര്‍ച്ചയായത്. നേരത്തെ ജിഷയുടെ അച്ഛന്‍ പാപ്പു തെരുവില്‍ കിടന്ന് മരിച്ചപ്പോഴും ഇത്തരത്തിലുളള വിമര്‍ശനം ശക്തമായിരുന്നു.

chandrika: